തമിഴ്നാട്ടിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥിനി ജീവനൊടുക്കി

മുമ്പ് രണ്ടു തവണ വിദ്യാർഥിനി നീറ്റ് പരീക്ഷയെഴുതിയിരുന്നു
അനുകീർത്തന

അനുകീർത്തന

Updated on

ചെന്നൈ: തമിഴ്നാട്ടിലെ കോയമ്പത്തൂരിൽ നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുത്തിരുന്ന വിദ്യാർഥിനി ആത്മഹത്യ ചെയ്തു. അനുകീർത്തന (19) ആണ് ജീവനൊടുക്കിയത്. രണ്ടു തവണ നീറ്റ് പരീക്ഷ എഴുതിയ വിദ്യാർഥിനി മൂന്നാം തവണ പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നു.

നീറ്റ് പരീക്ഷയുടെ ചോദ്യപേപ്പർ‌ ചോർന്നതിനെ തുടർന്ന് വീണ്ടും പരീക്ഷ എഴുതേണ്ടി വരുന്നത് വിദ്യാർഥിനിക്ക് മാനസികപ്രയാസം ഉണ്ടാക്കിയിരുന്നതായി പൊലീസ് പറഞ്ഞു. ആത്മഹത്യകുറിപ്പൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നതായി പൊലീസ് പറഞ്ഞു.

പെൺകുട്ടിയുടെ ആത്മഹത്യയെ തുടർന്ന് കോയമ്പത്തൂരിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്. നീറ്റ് പരീക്ഷ റദ്ദാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തമിഴ്നാടിനെ നീറ്റ് പരീക്ഷയിൽനിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് ഡിഎംകെ സംസ്ഥാന വ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിട്ടുണ്ട്. നീറ്റ് പരീക്ഷയുടെ തുടക്കം മുതൽ അതിനെ എതിർത്തുവരുന്ന സംസ്ഥാനമാണ് തമിഴ്നാട്, സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ള പാവപ്പെട്ട വിദ്യാർഥികൾക്ക് നീറ്റ് പരീക്ഷയ്ക്കുള്ള ചെലവേറിയ സ്വകാര്യ പരിശീലന ചെലവ് താങ്ങാൻ സാധിക്കില്ലെന്നാണ് തമിഴ്നാട് ഉയർത്തുന്ന വാദം.

നീറ്റ് പരീക്ഷ വരുന്നതിനു മുമ്പ് പ്ലസ്ടു പരീക്ഷയിലെ മാർക്ക് അടിസ്ഥാനമാക്കി പ്രവേശന പരീക്ഷ ഇല്ലാതെയാണ് തമിഴ്നാട്ടിൽ എംബിബിഎസിന് പ്രവേശനം നൽകിയിരുന്നത്. നീറ്റ് പരീക്ഷയിൽനിന്ന് തമിഴ്നാടിനെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തമിഴ്നാട് നിയമസഭ ബിൽ പാസാക്കിയിരുന്നെങ്കിലും രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചിരുന്നില്ല. ഇതേ തുടർന്ന് നീറ്റ് പരീക്ഷ തമിഴ്നാട്ടിലും പ്രാബല്യത്തിൽ വരികയായിരുന്നു.

logo
Metro Vaartha
www.metrovaartha.com