

പബ്ബ ചന്ദ്രശേഖർ, സ്വപ്ന
ഹൈദരാബാദ്: സ്വിറ്റ്സർലൻഡിലേക്ക് വിനോദയാത്ര പോയ മാതാപിതാക്കളെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ചൂണ്ടിക്കാട്ടി പരാതി നൽകി മകൾ. ബിസിനസുകാരനായ ചന്ദ്രശേഖർ (51), ഭാര്യ സ്വപ്ന (42) എന്നിവരെക്കുറിച്ച് മൂന്നാഴ്ചയായി വിവരമൊന്നുമില്ലെന്നാണ് മകൾ ശ്രേയ പരാതി നൽകിയിരിക്കുന്നത്. എന്നാൽ പണം ഇരട്ടിപ്പിച്ചു നൽകാമെന്ന് വിശ്വസിപ്പിച്ച് ഇവർ നാട്ടുകാരിൽ നിന്ന് 50 കോടിയോളം രൂപ പിരിച്ചിട്ടുണ്ടെന്നും, ആ പണവുമായി മുങ്ങിയതാണെന്നും നാട്ടുകാർ ആരോപിക്കുന്നു.
പൊലീസ് അന്വേഷണം ആരംഭിച്ചു. ജൂൺ 22നാണ് ചന്ദ്രശേഖരും സ്വപ്നയും സ്വിറ്റ്സർലൻഡിലേക്ക് പോയത്. ആദ്യത്തെ ദിവസങ്ങളിൽ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. എന്നാൽ ജൂലൈ 8നു ശേഷം ഇവർ ഫോണിൽ ബന്ധപ്പെട്ടിട്ടില്ല. ഇരുവരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്.
തുടർന്നാണ് സോഫ്റ്റ് വെയർ എൻജിനീയറായ മകൾ ശ്രേയ (23) പൊലീസിൽ പരാതി നൽകിയത്. ദമ്പതികളുടെ യാത്രാ വിവരങ്ങളെക്കുറിച്ചും ഇമിഗ്രേഷൻ രേഖകളും പൊലീസ് പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. ഇരുവരും സ്വിറ്റ്‌സർലൻഡിൽ എത്തിയോ എന്ന കാര്യത്തിലും വ്യക്തത വരുത്തേണ്ടതുണ്ട്.
കഴിഞ്ഞ കുറച്ചു വർഷങ്ങൾക്കിടെ 60 പേരിൽ നിന്നായി 50 കോടിയോളം രൂപ ഇരുവരും പിരിച്ചെടുത്തുവെന്ന ആരോപണത്തിലും അന്വേഷണമുണ്ട്.