

ക്ഷേത്ര ദർശനത്തിനു ശേഷം സുഹൃത്തിനൊപ്പം പാർക്കിൽ പോയ പെൺകുട്ടിയെ മൂന്നു പേർ ചേർന്ന് ബലാത്സംഗം ചെയ്തു.
Representative graphics
AI generated summary, newsroom reviewed
ന്യൂഡൽഹി: തെക്കുകിഴക്കൻ ഡൽഹിയിലെ കൽക്കാജി പ്രദേശത്തുള്ള ആസ്ഥാ കുഞ്ജ് പാർക്കിനുള്ളിൽ, പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട മൂന്നു പേർ ചേർന്ന് 17 വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്തതായി പൊലീസ്. തിങ്കളാഴ്ച വൈകുന്നേരമായിരുന്നു സംഭവം. ഇതു സംബന്ധിച്ച് ഒരു പ്രതിയെ ചൊവ്വാഴ്ച രാവിലെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു.
പൊലീസ് നൽകുന്ന വിവരം അനുസരിച്ച്, കൽക്കാജി മന്ദിറിൽ പ്രാർഥനയ്ക്കായി വൈകുന്നേരം ഏഴു മണിയോടെ പെൺകുട്ടി തന്‍റെ 17 വയസുള്ള സുഹൃത്തിനൊപ്പം എത്തിയിരുന്നു. ക്ഷേത്ര ദർശനത്തിനു ശേഷം, ഏഴരയോടെ കൽക്കാജി മന്ദിറിനും ഇസ്‌കോൺ ക്ഷേത്രത്തിനും സമീപമുള്ള ആസ്ഥാ കുഞ്ജ് പാർക്കിൽ ഇരുവരും ഇരിക്കാൻ പോയി.
ഇവർ അവിടെ ഇരിക്കുമ്പോൾ, 25 മുതൽ 30 വയസ് വരെ പ്രായം തോന്നിക്കുന്ന മൂന്നു പേർ പൊലീസ് ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് സമീപിച്ചതായി പൊലീസ് പറയുന്നു. ഇവർ ആൺകുട്ടിയെയും പെൺകുട്ടിയെയും ഭീഷണിപ്പെടുത്തിയ ശേഷം, പാർക്കിനുള്ളിൽ വച്ച് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു. ഇവരിലൊരാൾ ആൺകുട്ടിയെ പിടിച്ചുവയ്ക്കുകയും, മറ്റുള്ളവർ പെൺകുട്ടിയെ ആക്രമിക്കുകയും ചെയ്തതായാണ് പൊലീസ് പറയുന്നത്. അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതികൾ സ്ഥലം വിട്ടത്.
സംഭവം സംബന്ധിച്ച് രാത്രി 8:45-ഓടെ വിവരം കിട്ടിയതിനെ തുടർന്ന് പൊലീസ് സംഘം സ്ഥലത്തെത്തി. പെൺകുട്ടിയെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പോക്സോ നിയമ പ്രകാരവും ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) പ്രകാരവും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാക്കി പ്രതികളെ അറസ്റ്റ് ചെയ്യാൻ പ്രത്യേക സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. ഇപ്പോഴും ഒളിവിലുള്ള മറ്റു രണ്ടു പ്രതികളെ കണ്ടെത്താൻ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് പരിശോധിക്കുന്നു. സംഭവസമയത്ത് പാർക്കിലും പരിസരത്തും ഉണ്ടായിരുന്നവരെക്കുറിച്ചുള്ള വിവരങ്ങളും അന്വേഷണ സംഘം ശേഖരിക്കുന്നുണ്ട്.