

രവി മോഹൻ
ചെന്നൈ: 10 ലക്ഷം രൂപയുടെ വജ്രാഭരണം കാണാതായതിനെത്തുടർന്ന് നടൻ രവി മോഹന്‍റെ വീട്ടിൽ ജോലിക്കാരെ തടഞ്ഞു വച്ചതായി പരാതി. തിങ്കളാഴ്ച ജോലിക്കു പോയവർ ഇതു വരെ തിരിച്ചെത്തിയിട്ടില്ലെന്ന് കാണിച്ച് ജോലിക്കാരുടെ കുടുംബാംഗങ്ങൾ പൊലീസിനെ സമീപിച്ചപ്പോഴാണ് ഇക്കാര്യം പുറത്തു വന്നത്. നീലാങ്കരൈ പൊലീസാണ് താരത്തിന്‍റെ വീട്ടിലെത്തി അന്വേഷണം നടത്തിയത്.
രണ്ട് സ്ത്രീകളെയും ഒരു ആൺകുട്ടിയെയും തടഞ്ഞു വച്ച് ചോദ്യം ചെയ്യുകയായിരുന്നുവെന്നാണ് വിവരം. ഈ സമയത്ത് നടൻ വീട്ടിലുണ്ടായിരുന്നോ എന്നതിൽ വ്യക്തതയില്ല.
മോഷണം നടന്നാൽ സ്വന്തം നിലയിൽ ചോദ്യം ചെയ്യുകയല്ല പൊലീസിനെ സമീപിക്കുകയാണ് വേണ്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. ജോലിക്കാരെ താരത്തിന്‍റെ വീട്ടിൽ നിന്ന് രക്ഷപെടുത്തി. തൊട്ടുപിന്നാലെ നടന്‍റെ മാനേജർ മോഷണത്തിൽ പരാതി നൽകിയിട്ടുണ്ട്.