ഇരുചക്ര വാഹനം ഉപയോഗിച്ചതിനെച്ചൊല്ലി തർക്കം; കൊല്ലത്ത് 24കാരനെ കുത്തിക്കൊന്നു

കൊല്ലം ജില്ലയിലെ ചവറയിൽ ശനിയാഴ്ച രാത്രി 11.30നാണ് സംഭവം
24-year-old stabbed to death in Kollam

കൊല്ലത്ത് 24കാരനെ കുത്തിക്കൊന്നു

representative image

Updated on: 

കൊല്ലം: ഇരുചക്ര വാഹനം ഉപയോഗിച്ചതിനെച്ചൊല്ലിയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലം ജില്ലയിലെ ചവറയിൽ ശനിയാഴ്ച രാത്രി 11.30നാണ് സംഭവം.

ജില്ലയിലെ അരിനല്ലൂർ സ്വദേശി മുഹമ്മദ് ബിലാൽ (24) ആണ് കൊല്ലപ്പെട്ടത്. ചവറ സ്വദേശി ശിവരാജു ആണ് പ്രതി. രാത്രി ചവറയിൽ സുഹൃത്തുക്കൾക്കൊപ്പം ഒരു വീട്ടിൽ ഇരിക്കുകയായിരുന്നു ബിലാൽ. ഇതിനിടെ ഇവിടെയെത്തിയ പ്രതി തന്‍റെ ഇരുചക്ര വാഹനം ഉപയോഗിച്ചതിനെച്ചൊല്ലി ബിലാലുമായി തർക്കത്തിലേർപ്പെട്ടു.

തുടർന്ന് കൈയ്യിലുണ്ടായിരുന്ന കത്തിയുപയോഗിച്ച് പ്രതി ബിലാലിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ബിലാലിനെ ആദ്യം നീണ്ടകര താലൂക്ക് ആശുപത്രിയിലും പിന്നീട് കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ 1.40ഓടെ മരിച്ചു. സംഭവത്തിൽ ചവറ പൊലീസ് കേസെടുത്തു.

logo
Metro Vaartha
www.metrovaartha.com