
മദ്യലഹരിയിൽ കാർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ച് കയറ്റി; സൈനികൻ അറസ്റ്റിൽ|Video
മീററ്റ്: മദ്യലഹരിയിൽ കാർ റെയിൽവേ പ്ലാറ്റ്ഫോമിലേക്ക് ഓടിച്ചു കയറ്റിയ സൈനികൻ അറസ്റ്റിൽ. സന്ദീപ് ധാക്കയെന്ന സൈനികനാണ് അറസ്റ്റിലായിരിക്കുന്നത്. മീററ്റിലെ കാന്‍റ് റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കാർ അപകടകരമാം വിധം സ്റ്റേഷനിലേക്ക് ഓടിച്ച് കയറ്റുന്ന വിഡിയോ പുറത്തു വന്നിട്ടുണ്ട്.
പ്ലാറ്റ്ഫോമിൽ നിർത്തിയിട്ടിരുന്ന ട്രെയിനിനരികിലേക്ക് കാർ നീങ്ങുന്നതും വിഡിയോയിൽ വ്യക്തമാണ്. റെയിൽവേ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. വൈദ്യ പരിശോധന നടത്തിയപ്പോൾ ഇയാൾ മദ്യപിച്ചിരുന്നതായി കണ്ടെത്തിയതായും റെയിൽവേ പൊലീസ് വ്യക്തമാക്കി.
യാത്രക്കാരുടെ ജീവന് അപകടമുണ്ടാക്കും വിധം പെരുമാറിയെന്ന കുറ്റം ചുമത്തിയാണ് അറസ്റ്റ്. സന്ദീപിന്‍റെ കാറും ലൈസൻസും പൊലീസ് പിടിച്ചെടുത്തു.