Duppatta killer story of 16  murders

ഗോവയിലെ 'ദുപ്പട്ടാ കില്ലർ'; 15 വർഷം കൊണ്ട് കൊന്നു തള്ളിയത് 16 സ്ത്രീകളെ

ഗോവയിലെ 'ദുപ്പട്ടാ കില്ലർ'; 15 വർഷം കൊണ്ട് കൊന്നു തള്ളിയത് 16 സ്ത്രീകളെ

മഹാനന്ത നായിക്ക് പതിനഞ്ച് വർഷങ്ങൾ കൊണ്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 16 സ്ത്രീകളുടെ കഥ.

ഇരുപത്താറു വർഷം മുൻപുള്ള ഒരു ഏപ്രിൽ മാസം. മുപ്പതുകാരിയെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതിയെ ചോദ്യം ചെയ്യുന്നതിന്‍റെ തിരക്കിലായിരുന്നു ഗോവയിലെ പൊലീസുകാർ. ഒരു കൊലപാതകത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ‌ക്കു മുൻപിൽ ചുരുളഴിഞ്ഞത് 16 കൊലപാതകങ്ങളുടെ രഹസ്യങ്ങളായിരുന്നു. ഗോവയിലെ ദുപ്പട്ടാ കില്ലർ എന്ന കുപ്രസിദ്ധനായ സീരിയൽ കില്ലർ മഹാനന്ത നായിക്ക് പതിനഞ്ച് വർഷങ്ങൾ കൊണ്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ 16 സ്ത്രീകളുടെ കഥ.

സ്നേഹിച്ച് കീഴ്പ്പെടുത്തുന്ന പണക്കാരൻ

ദാരിദ്ര്യത്തിൽ കഴിയുന്ന സ്ത്രീകൾ അല്ലെങ്കിൽ ചെറു ജോലികൾ ചെയ്ത് കുടുംബം പോറ്റുന്ന സ്ത്രീകളായിരുന്നു നായിക്കിന്‍റെ ഇരകൾ. ഇവരുമായി കച്ചവടക്കാരനെന്ന മട്ടിൽ വ്യാജപ്പേരിലായിരിക്കും നായിക്ക് അടുപ്പത്തിലാകുക. പതിയെ അടുപ്പം പ്രണയത്തിലാകും. മികച്ച ജീവിതം വാഗ്ദാനം ചെയ്തു കൊണ്ട് വിവാഹം കഴിക്കാമെന്ന് പ്രതീക്ഷ നൽകും. ആകെ ഒരു നിബന്ധന മാത്രമേ ഇയാൾ ഇരകൾക്കു മുന്നിൽ വയ്ക്കാറുള്ളൂ. ഉള്ളതിൽ ഏറ്റവും നല്ല സ്വർണാഭരണങ്ങൾ ധരിച്ചു വേണം വിവാഹം നടത്താൻ എന്നു മാത്രം. നായിക്കിന്‍റെ വാക്കു വിശ്വസിച്ച് ആഭരണങ്ങൾ ധരിച്ചെത്തുന്ന സ്ത്രീകളെ ലൈംഗികമായി ഉപയോഗിച്ചതിനു ശേഷം ദുപ്പട്ട കൊണ്ട് കഴുത്തിൽ മുറുക്കി കൊലപ്പെടുത്തുകയായിരുന്നു ഇയാളുടെ പതിവ്.

സീരിയൽ കില്ലറുടെ പിറവി

1994ലാണ് നായിക്ക് ആദ്യത്തെ കൊല നടത്തിയത്. മുപ്പതു വയസുള്ള ഗുലാബി ഗവോങ്കാർ എന്ന സ്ത്രീയായിരുന്നു ഇയാളുടെ ഇര. പെട്ടെന്നൊരു ദിവസം ഗുലാബിയുടെ ചീഞ്ഞളിഞ്ഞ മൃതദേഹം കണ്ടെത്തിയതോടെ നാട്ടുകാർ നായിക്കിനു നേരെ വിരൽ ചൂണ്ടി. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഇയാൾ ആ കേസിൽ നിന്ന് രക്ഷപ്പെട്ടു. ഒരു സീരിയൽ കില്ലറുടെ പിറവിയായിരുന്നു അവിടെ സംഭവിച്ചത്. അതിനു ശേഷം 2004ലാണ് അടുത്ത കൊല നടത്തിയത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 13 സ്ത്രീകളെ ഇയാൾ കൊലപ്പെടുത്തി. കൊല്ലപ്പെട്ടവരെല്ലാം ദരിദ്രരായിരുന്നതിനാൽ കേസെല്ലാം തേഞ്ഞു മാഞ്ഞു പോയി.

നിയമത്തിന്‍റെ പിടിയിലേക്ക്

2009ൽ യോഗിത നായിക് എന്ന പെൺകുട്ടിയുടെ കൊലപാതകം നായിക്കിനെ കുടുക്കി. മറ്റുള്ളവരിൽ നിന്ന വിഭിന്നമായി യോഗിതയുടെ വീട്ടുകാർ പൊലീസിനോട് നിരന്തരമായി കേസുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിച്ചു കൊണ്ടിരുന്നു. അങ്ങനെ യോഗിതയുടെ ഫോൺകോളിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണം നായിക്കിൽ വന്നവസാനിച്ചു. ചോദ്യം ചെയ്യലിൽ അതു വരെ ചെയ്ത സകല കൊലപാതകങ്ങളെക്കുറിച്ചും നായിക് തുറന്നു പറഞ്ഞു. പക്ഷേ തെളിവുകൾ അഭാവത്തിൽ വെറും രണ്ട് കേസുകൾ ഒഴികെ മറ്റെല്ലാ കേസുകളിൽ നിന്നും നായിക്കിനെ കുറ്റവിമുക്തനാക്കി. രണ്ട് കൊലക്കേസുകളിൽ ജീവപര്യന്തം തടവാണ് ലഭിച്ചിരിക്കുന്നത്.

ദുപ്പട്ട കില്ലർ എന്ന പേരിൽ മാർച്ച് 21 മുതൽ സീരിയൽ കില്ലറുടെ കഥ സ്ട്രീം ചെയ്യാനൊരുങ്ങുകയാണ് ഡോക്യുബേ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com