

ഇന്ത്യൻ പൗരനായ ഹർമൻവീർ സിങ്ങിനെതിരെ അമെരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ പുറത്തിറക്കിയ വാണ്ടഡ് നോട്ടീസ്
വാഷിങ്ടൺ: മയക്കുമരുന്നു കടത്തു കേസിൽ ഇന്ത്യൻ പൗരനെതിരേ വാണ്ടഡ് നോട്ടീസ് പുറപ്പെടുവിച്ച് അമെരിക്ക. ക്യാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന "രവീന്ദർ ധന്ദ' എന്ന സംഘടിത കുറ്റകൃത്യ സംഘത്തിന് വേണ്ടി മയക്കുമരുന്നു കടത്തിൽ പങ്കുണ്ടെന്ന് ആരോപിച്ചാണ് ഇന്ത്യൻ പൗരനായ ഹർമൻവീർ സിങ്ങിനെതിരെ അമെരിക്കൻ ഫെഡറൽ അന്വേഷണ ഏജൻസിയായ എഫ്ബിഐ വാണ്ടഡ് നോട്ടീസ് പുറത്തിറക്കിയത്.
ലോറൻസ് ബിഷ്ണോയ്, ജഗ്ഗു ഭഗവാൻപുരിയ, രവീന്ദർ ധന്ദ എന്നിവർ നേതൃത്വം നൽകുന്ന അന്തർദേശീയ കുറ്റകൃത്യ സംഘങ്ങളെ ലക്ഷ്യമിട്ട് വിവിധ രാജ്യങ്ങളിലെ നിയമപാലന ഏജൻസികൾ സംയുക്തമായി നടത്തിയ "ഓപ്പറേഷൻ ഹാർഡ് ബോൾ" നടപടികളുടെ ഭാഗമായാണ് എഫ്ബിഐയുടെ നടപടി.
മയക്കുമരുന്നുകൾ വിതരണം ചെയ്യാനും വിതരണം ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ കൈവശം വയ്ക്കാനും നടത്തിയ ഗൂഢാലോചനകളിലും മയക്കുമരുന്നുകൾ വിദേശത്തേയ്ക്കു കയറ്റുമതി ചെയ്യാനുള്ള ഗൂഢാലോചനയിലും പങ്കാളിയായ അന്തർദേശീയ കുറ്റകൃത്യ സംഘത്തിലെ അംഗമാണെന്നാണ് ഹർമൻ വീർ സിങിനെതിരായ ആരോപണം. അതിനാലാണ് ഇയാളെ തിരയുന്നത് എന്നാണ് എഫ്ബിഐ പ്രസ്താവനയിലുള്ളത്.
എഫ്ബിഐയുടെ വിവരമനുസരിച്ച് ക്യാനഡയിലെ വാങ്കൂവർ ആസ്ഥാനമായി പ്രവർത്തിക്കുന്ന രവീന്ദർ ധന്ദ ഓർഗനൈസ്ഡ് ക്രൈം ഗ്രൂപ്പ്, അമെരിക്ക, ക്യാനഡ, മെക്സിക്കോ എന്നിവിടങ്ങളിലാകെ പ്രവർത്തിക്കുന്ന മയക്കുമരുന്നു കടത്ത് ശൃംഖലകൾക്കായി വൻതോതിൽ കൊക്കെയ്നും മെത്താംഫെറ്റാമിനും കടത്തിയെന്നാണ് ആരോപണം.
2026 ജൂൺ 23ന് കാലിഫോർണിയയിലെ ലോസ് ആഞ്ചലസിലുള്ള യുഎസ് ഡിസ്ട്രിക്റ്റ് കോടതി (സെന്‍ട്രല്‍ ഡിസ്ട്രിക്റ്റ് ഒഫ് കാലിഫോര്‍ണിയ)ഹർമൻവീർ സിങ്ങിനെതിരേ ഫെഡറൽ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
ഈ മാസം ആദ്യം അമെരിക്ക, ക്യാനഡ, യൂറോപ്പ് എന്നിവിടങ്ങളിലെ നിയമപാലന ഏജൻസികൾ സംയുക്തമായി നടത്തിയ റെയ്ഡിൽ 24 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 11 പേർ കാലിഫോർണിയയിൽ ആയിരുന്നു. ഇന്ത്യ ആസ്ഥാനമായുള്ള മൂന്ന് അന്തർദേശീയ സംഘടിത കുറ്റകൃത്യ സംഘങ്ങളുമായി ബന്ധപ്പെട്ടവർക്കെതിരേയാണ് നടപടി.