

ക്രിപ്റ്റോ കറൻസി മോഷണത്തിൽ യുഎസിൽ മുൻ എഫ് ബി ഉദ്യോഗസ്ഥൻ അറസ്റ്റിൽ
വാഷിങ്ടൺ: പത്തു ലക്ഷം ഡോളൽ മൂല്യമുള്ള ക്രിപ്റ്റോ കറൻസി മോഷ്ടിച്ചു എന്ന ആരോപണത്തിൽ അമെരിക്കൻ ഫെഡറൽ ബ്യൂറോ ഒഫ് ഇൻവെസ്റ്റിഗേഷന്‍റെ (എഫ്ബിഐ )മുൻ കൗണ്ടർ ഇന്‍റലിജൻസ് ഉദ്യോഗസ്ഥനായ പാട്രിക് സ്റ്റീവൻ യാരോച്ച് അറസ്റ്റിലായി. വിദേശ എതിരാളിയുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ എഫ് ബിഐ നിരീക്ഷിച്ചു വരുന്നതിനിടെ സർക്കാർ സംവിധാനങ്ങളിലേയ്ക്കുള്ള തന്‍റെ ആക്സസ് ദുരുപയോഗം ചെയ്ത് ക്രിപ്റ്റോ സ്വത്തുക്കൾ തട്ടിയെടുത്തെന്നാണ് കേസ്.
സംഭവത്തിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. യാരോച്ച് 2024 അവസാനത്തോടെ സ്വന്തം പേരിൽ ക്രിപ്റ്റോ വാലറ്റ് സൃഷ്ടിച്ചു. തുടർന്ന് എഫ്ബിഐ ഡാറ്റാ ബേസിൽ നിന്ന് അക്കൗണ്ടുകളുടെ രഹസ്യപാസ് ഫ്രെയ്സുകൾ ശേഖരിച്ച് പത്തു മുതൽ പന്ത്രണ്ടു വരെ ഇടപാടുകളിലൂടെ ഫണ്ട് സ്വന്തം വാലറ്റിലേയ്ക്ക് മാറ്റിയെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.
മോഷ്ടിച്ച ക്രിപ്റ്റോയുടെ മൂല്യം ഏകദേശം പത്തു ലക്ഷം ഡോളർ വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. വെർജീനിയയിലെ ആഷ്ബേണിലുള്ള യാരോച്ചിന്‍റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 9,25,426 ഡോളര്‍ മൂല്യമുള്ള ക്രിപ്‌റ്റോ മാത്രമാണ് കണ്ടെടുത്തത്.
ഹാർഡ് വെയർ ക്രിപ്റ്റോ വാലറ്റ്, കൈയെഴുത്തിലുള്ള ‘സീഡ് ഫ്രെയ്സുകള്‍’, പോർച്ചുഗലിലേയ്ക്കു താമസം മാറാൻ ഉള്ള പദ്ധതിയുമായി ബന്ധപ്പട്ട രേഖകൾ എന്നിവയും പരിശോധനയില്‍ പിടിച്ചെടുത്തതായി അധികൃതര്‍ അറിയിച്ചു.
സംഭവത്തെക്കുറിച്ച് അറിഞ്ഞയുടൻ അന്വേഷണം ആരംഭിച്ച് പ്രതിയെ അറസ്റ്റ് ചെയ്തതായി എഫ്ബിഐ അറിയിച്ചു. ജീവനക്കാരിൽ നിന്ന് ഏറ്റവും ഉയർന്ന ധാർമിക നിലവാരമാണ് പ്രതീക്ഷിക്കുന്നതെന്നും ഇത്തരത്തിലുള്ള നടപടികൾ ഒരിക്കലും അംഗീകരിക്കില്ലെന്നും എഫ്ബിഐ വക്താവ് വ്യക്തമാക്കി.
യാരോച്ചിനെ സർവീസിൽ നിന്നു പുറത്താക്കിയതായും അന്തർസംസ്ഥാന മോഷണ വസ്തുക്കളുടെ കൈമാറ്റം, മോഷണ വസ്തുക്കൾ കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയതായും അമെരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കേസിൽ ഫെഡറൽ കോടതി പ്രതിയെ താൽക്കാലികമായി കസ്റ്റഡിയിൽ വിടാൻ ഉത്തരവിട്ടു.