വ്യാജ ട്രാഫിക് ഫൈൻ ലിങ്കിൽ ക്ലിക്ക് ചെയ്ത യുവാവിന് നഷ്ടമായത് 3.89 ലക്ഷം രൂപ

പരിവാഹൻ പോർട്ടലിനെ അനുകരിച്ച വ്യാജ ട്രാഫിക് പിഴ ലിങ്ക്; കൊണ്ടോട്ടിയിൽ 10 യുപിഐ ഇടപാടുകളിലൂടെ 3.89 ലക്ഷം രൂപ നഷ്ടം, കൂടുതൽ പേർക്ക് സമാന തട്ടിപ്പ്
Fake Traffic Fine Link Fraud Kondotty

ട്രാഫിക് ഫൈനിന്‍റെ പേരിൽ തട്ടിപ്പ് പെരുകുന്നു.

Representative graphics

Updated on: 

മലപ്പുറം: ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയെന്ന വ്യാജേന മൊബൈൽ ഫോണിലെത്തിയ തട്ടിപ്പ് ലിങ്കിൽ ക്ലിക്ക് ചെയ്ത 41 വയസുകാരന് ബാങ്ക് അക്കൗണ്ടിൽനിന്ന് 3.89 ലക്ഷം രൂപ നഷ്ടമായതായി പരാതി. കൊണ്ടോട്ടിയിലാണ് സംഭവമെന്ന് പൊലീസ്.

നവംബർ എട്ടിനായിരുന്നു പരാതിക്ക് ആസ്പദമായ സംഭവം. കോഴിക്കോട് വിമാനത്താവളത്തിനു സമീപം നമ്പോലൻകുന്ന് സ്വദേശിയായ പരാതിക്കാരൻ ജംഷീദിന്‍റെ വാഹനവുമായി ബന്ധപ്പെട്ട ട്രാഫിക് നിയമലംഘനത്തിന് പിഴ ചുമത്തിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന ഒരു ടെക്സ്റ്റ് സന്ദേശമാണ് ഫോണിൽ ലഭിച്ചത്.

സന്ദേശത്തിൽ ഒരു റഫറൻസ് നമ്പറും, പരിവാഹൻ പോർട്ടലിനോടു സാമ്യമുള്ള പേജിലേക്ക് എത്തിക്കുന്ന ലിങ്കുമുണ്ടായിരുന്നു. ആവശ്യപ്പെട്ടതനുസരിച്ച് വാഹന രജിസ്ട്രേഷൻ നമ്പർ നൽകിയതിനു പിന്നാലെ, ഒരു യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ച് 10 ഇടപാടുകളിലൂടെ 3,89,496 രൂപ തട്ടിപ്പിലൂടെ പിൻവലിക്കപ്പെട്ടതായി പൊലീസ് പറഞ്ഞു.

ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് ജംഷീദ് തട്ടിപ്പ് തിരിച്ചറിഞ്ഞത്. തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. പണം കൈമാറ്റം ചെയ്യപ്പെട്ട ബാങ്ക് അക്കൗണ്ടുകൾ കണ്ടെത്തിയതായും അവ മരവിപ്പിക്കാൻ നിർദേശം നൽകിയതായും പൊലീസ് അറിയിച്ചു. വാഹനങ്ങൾക്ക് ട്രാഫിക് പിഴ ചുമത്തിയെന്ന് അവകാശപ്പെടുന്ന സന്ദേശങ്ങളിലെ ലിങ്കുകളിൽ ക്ലിക്ക് ചെയ്ത് ചെറിയ തുകകൾ നഷ്ടപ്പെട്ടതായി മറ്റു പലരും സമാന പരാതികളുമായി പൊലീസിനെ സമീപിച്ചിട്ടുണ്ട്.

ഭാരതീയ ന്യായ സംഹിതയിലെയും ഐടി ആക്റ്റിലെയും പ്രസക്ത വകുപ്പുകൾ പ്രകാരമാണ് കേസ്. തട്ടിപ്പിനു പിന്നിലുള്ളവരെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.