
സന യൂസഫ്
ഇസ്ലാമാബാദ്: പാക് ടിക്‌ടോക് താരം സന യൂസഫിനെ കൊന്നത് ആരാധകനെന്ന് തെളിഞ്ഞു. കേസിൽ ഉമർ ഹയാത്ത് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. സനയോട് പല തവണ പ്രണയം പറഞ്ഞുവെങ്കിലും നിരസിച്ചതിലുള്ള പകയാണ് കൊലപാതകത്തിൽ കലാശിച്ചത്. 22കാരനായ ഉമർ സമൂഹമാധ്യമങ്ങളിലൂടെ സനയുമായി നിരന്തരം ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
തിങ്കളാഴ്ച വൈകിട്ടാണ് 17കാരിയായ സന വെടിയേറ്റ് മരിച്ചത്. അമ്മയുടെയും അമ്മായിയുടെയും മുന്നിൽ വച്ചായിരുന്നു കൊല. മണിക്കൂറുകളോളം വീടിനു ചുറ്റും കറങ്ങിയിരുന്ന ഉമർ വൈകിട്ട് 5 മണിയോടെ വീട്ടിലേക്ക് കയറി സനയെ വെടിവച്ച് കൊല്ലുകയായിരുന്നു. സനയുടെ മൊബൈൽ ഫോണും പ്രതി കൈക്കലാക്കിയിരുന്നു.
നെഞ്ചിൽ രണ്ട് വെടിയുണഅട തറച്ചാണ് സന മരിച്ചത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതി കുറ്റം സമ്മതിച്ചിട്ടുണ്ട്. വനിതാ ശാക്തീകരണം ഉൾപ്പെടെയുള്ള വിഡിയോകൾ ചെയ്തിരുന്ന ഇൻഫ്ലുവൻസറാണ് സന. ദുരഭിമാനക്കൊലയാണെന്നും ആദ്യം സംശയമുയർന്നിരുന്നു.