

മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരന്‍റെ കാല് തല്ലിയൊടിച്ചു; അച്ഛനെ അറസ്റ്റ് ചെയ്ത് പൊലീസ്
തിരുവനന്തപുരം: മകളെ പീഡിപ്പിക്കാൻ ശ്രമിച്ച അയൽക്കാരന്‍റെ കാല് തല്ലിയൊടിച്ച് പിതാവ്. ജൂൺ 29ന് പോത്തൻകോടാണ് സംഭവം. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ അയൽക്കാരനെതിരെ പോക്സോ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.. അയൽവാസിയായ നാൽപ്പതുകാരനാണ് പെൺകുട്ടിയെ ഉപദ്രവിച്ചത്. പെൺകുട്ടിയുടെ വീട്ടിലെത്തി നിർബന്ധിച്ച് സ്വന്തം വീട്ടിലേക്ക് വിളിച്ചു വരുത്തിയ ശേഷമാണ് ഉപദ്രവിച്ചത്. വീടിനടുത്തുള്ളൊരാൾ സംഭവം കണ്ട് ബഹളം വച്ചതോടെ കുട്ടി രക്ഷപെട്ടു. വിവരമറിഞ്ഞെത്തിയ കുട്ടിയുടെ അച്ഛൻ അയൽക്കാരന്‍റെ കാല് മരക്കഷ്ണം കൊണ്ട് അടിച്ചൊടിച്ചു. മുഖത്തും ഇടിച്ചു.
കാൽ ഒടിഞ്ഞതിനു പിന്നാലെ അയൽവാസിയാണ് ആദ്യം പരാതി നൽകിയത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് പെൺകുട്ടിയുടെ പിതാവിനെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുൻവൈരാഗ്യത്തിന്‍റെ പേരിൽ തന്നെ ആക്രമിച്ചുവെന്നാണ് അയൽവാസി പരാതി നൽകിയിരുന്നത്.
പിന്നീടാണ് കുട്ടിയെ പീഡിപ്പിച്ച വിവരം പൊലീസ് അറിഞ്ഞത്. കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയതിനു പിന്നാലെ പ്രതിക്കെതിരേ പോക്സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇയാൾ തിരുവനന്തപുരം മെഡിക്കൽ കോളെജ് ആശുപത്രിയിൽചികിത്സയിലാണ്.