
വിവാഹ അഭ‍്യർഥന നിരസിച്ചു; വനിതാ ഡോക്റ്റർക്ക് സഹപ്രവർത്തകന്‍റെ മർദനം
representative image
ചെന്നൈ: വിവാഹ അഭ‍്യർഥന നിരസിച്ചതിന് ഡോക്റ്റർക്ക് മർദനമേറ്റു. തമിഴ്നാട്ടിലാണ് സംഭവം. 25കാരിയായ ഡോക്റ്റർ കൃതികയെയാണ് സഹപ്രവർത്തകനായ ഡോക്റ്റർ അൻപു സെൽവൻ മർദിച്ചത്. ആക്രമണത്തിൽ മുഖത്തും, കഴുത്തിലും, കൈകളിലും പരുക്കേറ്റ കൃതികയെ ഹൊസൂർ ഗവൺമെന്‍റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അൻപു സെൽവനെതിരേ അന്വേഷണം ആരംഭിച്ചതായാണ് വിവരം.
മുൻപും അൻപു സെൽവൻ വിവാഹ അഭ‍്യർഥനയുമായി വന്നിരുന്നുവെന്ന് കൃതിക പറഞ്ഞു. താത്പര‍്യമില്ലെന്ന് അറിയിച്ചപ്പോൾ കുറച്ചുനാൾ ശല‍്യം ഉണ്ടായിരുന്നില്ലെന്നും എന്നാൽ ഇതുപോലെ ആക്രമണം നടത്തുമെന്ന് താൻ കരുതിയിരുന്നില്ലെന്നും കൃതിക കൂട്ടിച്ചേർത്തു.
പത്താലപ്പള്ളി ഭാഗത്തേക്ക് കൂട്ടിക്കൊണ്ടുപോയി വിവാഹം കഴിക്കണമെന്ന് നിർബന്ധിച്ചതായും തുടർന്ന് അഭ‍്യർഥന നിരസിച്ചതിന്‍റെ കാരണം ആവശ‍്യപ്പെട്ട് ശല‍്യം ചെയ്തെന്നും കൃതിക പറഞ്ഞു. പിന്നീട് തന്നെ വീട്ടിലെത്തിക്കുന്നതിന് പകരം ക്ലിനിക്കിലേക്ക് കൊണ്ടുപോയെന്നും അവിടെവച്ച് ഫോണും ആഭരണങ്ങളും ബലം പ്രയോഗിച്ച് അഴിച്ചെടുത്തതിനു പിന്നാലെ മർദിക്കുകയായിരുന്നുവെന്നും കൃതിക വെളിപ്പെടുത്തി.
ക്ലിനിക്കിലുണ്ടായിരുന്ന ജീവനക്കാരാണ് കൃതികയെ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചത്. പൊലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ ഡോക്റ്റർ അൻപു സെൽവൻ വിവാഹിതാനാണെന്നും എന്നാൽ നിലവിൽ വിവാഹമോചിതനാണെന്നും കണ്ടെത്തിയിട്ടുണ്ട്.