
എം.ചിന്നസ്വാമി സ്റ്റേഡിയം
ബംഗളൂരു: ഐപിഎൽ മാച്ചിനിടെ ലൈംഗികാതിക്രമം നേരിട്ടതായി ആരോപണം. തന്‍റെ മക്കൾക്കെതിരേ രണ്ടു പേർ മോശമായി പെരുമാറിയെന്ന് ചൂണ്ടിക്കാട്ടി ഐപിഎസ് ഓഫിസറുടെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. എം.ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബിയും സിഎസ്കെയും തമ്മിലുള്ള മാച്ചിനിടെയാണ് സംഭവം.
മേയ് 3ന് നടന്ന മാച്ച് കാണുന്നതിനായി പ്രീമിയം സീറ്റിങ് എൻക്ലോഷർ ആയ ഡമയണ്ട് ബോക്സിൽ ഇരിക്കുന്നതിനിടെ 22 വയസുള്ള മകനെയും 26 വയസുള്ള മകളെയും രണ്ട് അജ്ഞാതർ മോശമായ രീതിയിൽ സ്പർശിച്ചുവെന്നും ആക്രമിക്കാൻ ശ്രമിച്ചുവെന്നുമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്. ഇരുവരും ശബ്ദമുയർത്തിയപ്പോൾ ഭീഷണിപ്പെടുത്തിയതായും പരാതിയിലുണ്ട്. സംഭവത്തിന്‍റെ വീഡിയോ പകർത്തിയതും കൈമാറിയിട്ടുണ്ട്.
പ്രതികളിൽ ഒരാൾ മുതിർന്ന ഇൻകം ടാക്സ് ഓഫിസറാണെന്നാണ് പ്രാഥമിക നിഗമനം. ബിഎൻഎസ് സെക്ഷനുകൾ പ്രകാരം കുറ്റകരമായ ഇടപെടൽ, മനപൂർവം അപമാനിക്കാനും പ്രകോപിക്കാനും സമാധാനം നശിപ്പിക്കാനുമുള്ള ശ്രമം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗികാക്രമണം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണം തുടരുകയാണ്.