പെരുമ്പാവൂരിൽ വൻ കഞ്ചാവ് വേട്ട; 4 പേർ പിടിയിൽ

ഒഡീഷയിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നത്.
cannabis smuggling
പ്രതികൾ
Updated on

കൊച്ചി : പെരുമ്പാവൂരിൽ14 കിലോ കഞ്ചാവുമായി 4 പേർ പിടിയിൽ. കാലടി നെട്ടിനംപിള്ളി മാണിക്യ മംഗലം കാരിക്കോട്ട് ശ്യാംകുമാർ (37), കോടനാട് മുടക്കുഴ കാഞ്ഞിരത്തിങ്കൽ ലിജോ ജോർജ് കുര്യൻ (33), ഒഡീഷ കണ്ടമാൽ സ്വദേശികളായ പവിത്ര പരസേത്ത് (25), ബിജയ് നായക്ക് (27) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും, പെരുമ്പാവൂർ എ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും തടിയിട്ട പറമ്പ് പോലീസും ചേർന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി ഡോ: വൈഭവ് സക്സേനയ്ക്ക് ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഒഡീഷയിൽ നിന്ന് അതിഥിത്തൊഴിലാളികളെ കൊണ്ടുവരുന്ന വാഹനത്തിലായിരുന്നു മലയാളികളായ രണ്ടു പേർ ഒമ്പത് കിലോ കഞ്ചാവ് കടത്തിയത്.

ഓടക്കാലി ഭാഗത്തേക്കാണ് തൊഴിലാളികളെ കൊണ്ടുവന്നത്. പെരുമ്പാവൂർ ഭാഗത്ത് വാഹനം തടഞ്ഞ് നിർത്തിയാണ് പരിശോധന നടത്തിയത്. പ്രത്യേകം കവറുകളിൽ പൊതിഞ്ഞ നിലയിലായിരുന്നു കഞ്ചാവ്. ഇവർ ഇതിനു മുമ്പും കഞ്ചാവ് കൊണ്ടു വന്നിട്ടുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.

ഒഡീഷ കണ്ടമാൽ സ്വദേശികളെ അഞ്ച് കിലോ കഞ്ചാവുമായി പഴങ്ങനാട് ഭാഗത്ത് നിന്നുമാണ് പിടികൂടിയത്. സൗത്ത് കളമശ്ശേരിയിലുള്ള കമ്പനിയിൽ ജോലി ചെയ്തിരുന്ന പ്രതികൾ നാട്ടിൽനിന്ന് കഞ്ചാവ് എത്തിച്ച വിൽപ്പന നടത്തിവരികയായിരുന്നു. ഞായറാഴ്ച പുലർച്ചെ ട്രെയിൻ മാർഗ്ഗം കളമശ്ശേരിയിൽ കഞ്ചാവുമായി എത്തിയ വിജയ് നായിക്ക്, പവിത്ര പർസെത് എന്നിവർ പഴങ്ങനാട് ഭാഗത്ത് വിൽപ്പനക്കായി എത്തുകയായിരുന്നു ഒഡീഷയിൽ നിന്ന് 3000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഇവിടെ മുപ്പതിനായിരം രൂപയ്ക്കാണ് വിൽപ്പന നടത്തിവന്നിരുന്നത്. ഓണത്തോടനുബന്ധിച്ചായിരുന്നു പരിശോധന. എ.എസ്.പി മോഹിത് റാവത്ത്, നർക്കോട്ടിക്ക് സെൽ ഡിവൈഎസ്പി പി.പി ഷംസ്, ഇൻസ്പെക്ടർ എ.എൽ, അഭിലാഷ് എസ്.ഐ ജെ.സജി, എ.എസ്.ഐമാരായ പി.എ

അബ്ദുൽ മനാഫ്, കെ.എ നൗഷാദ്, സീനിയർ സി പി ഒ മാരായ മനോജ് കുമാർ, ടി.എ അഫ്സൽ, സി പി ഒ മാരായ സി.പി അൻസാർ, അരുൺ കെ കരുൺ , ബെന്നി ഐസക്ക്, റോബിൻ ജോയി, മുഹമ്മദ് നൗഫൽ, ബനാസിർ സിബി എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. റൂറൽ ജില്ലയിൽ കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ മയക്കുമരുന്നുമായി ബന്ധപ്പെട്ട് 185 കേസുകൾ രജിസ്റ്റർ ചെയ്തു. 210 പേരെ അറസ്റ്റ് ചെയ്തു.25 കിലോയോളം കഞ്ചാവ് ,120 ഗ്രാം ബ്രൗൺഷുഗർ, 25 ഗ്രാം ഹെറോയിൻ എന്നിവയും പിടികൂടിയിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com