

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ഐഫോൺ 17 കവർച്ച ചെയ്യാനുള്ള ശ്രമം ചെറുത്ത യുവാവിനെ കുത്തിപ്പരുക്കേൽപ്പിക്കുകയും സുഹൃത്തുക്കളുടേതടക്കം അഞ്ച് മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്യുകയും ചെയ്ത സംഭവത്തിൽ നാല് കൗമാരക്കാർ പിടിയിൽ. ഡൽഹിയിലെ ബുരാഡിയിലാണ് സംഭവം.
ബുരാഡി സ്വദേശികളായ 16നും 17നും ഇടയിൽ പ്രായമുള്ള നാല് പേരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വടക്കൻ ഡൽഹിയിലെ ബുരാഡിയിലെ പുസ്ത ഗ്രൗണ്ടിന് സമീപമായിരുന്നു കവർച്ച. 20കാരനായ ജയ് കുമാറും ആറ് സുഹൃത്തുക്കളും ഒത്തുകൂടിയിരിക്കുമ്പോൾ അഞ്ചംഗ സംഘം കത്തികളുമായി എത്തി ഭീഷണിപ്പെടുത്തി മൊബൈൽ ഫോണുകളും പണവും കവർച്ച ചെയ്യുകയായിരുന്നു. ഇതിനിടെ ഐഫോൺ 17 കൈമാറാൻ ജയ് കുമാർ വിസമ്മതിച്ചതോടെ അക്രമികളിലൊരാൾ ഇടത് തുടയുടെ പിൻഭാഗത്ത് കുത്തിപ്പരുക്കേൽപ്പിച്ചു. തുടർന്ന് സംഘാംഗങ്ങൾക്കൊപ്പം സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു.
പരുക്കേറ്റ യുവാവിനെ പൊലീസ് പട്രോൾ സംഘം എത്തി അരുണ ആസഫ് അലി ആശുപത്രിയിലെത്തിച്ചു. തുടർന്ന് വസീറാബാദ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചും ഫോൺ കോൾ വിവരങ്ങൾ വിശകലനം ചെയ്തുമാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കവർച്ച ചെയ്ത ഫോണുകൾ വിറ്റ് ലഭിച്ച പണം അക്രമികൾ പങ്കിട്ടെടുത്തിരുന്നു. കൃത്യത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തു.
സംഭവത്തിൽ ഉൾപ്പെട്ട മറ്റു രണ്ട് പേരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. പിടിയിലായ നാല് പേരെയും നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.