
അർബാസ് ഖുറേഷി
മുംബൈ: പശ ലഹരിക്ക് അടിമയായ യുവാവ് മുത്തശ്ശിയെ കുത്തിക്കൊന്നു. ബീഡ് ജില്ലയിലെ പാർളി സിറ്റിയിലാണ് സംഭവം. അർബാസ് ഖുറേഷി എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മുത്തശ്ശി സുബേദ ഖുറേഷിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഖുറേഷി ഏറെക്കാലമായി പശ ലഹരിക്ക് അടിമയാണെന്നും പശ വാങ്ങുന്നതിനായി പണം ആവശ്യപ്പെട്ടപ്പോൾ മാതാപിതാക്കൾ നിരസിച്ചതാണ് ആക്രമണത്തിന് കാരണമെന്നും പൊലീസ് പറയുന്നു.ആക്രമണത്തിൽ പരുക്കേറ്റ മാതാപിതാക്കളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇരുവരും ഗുരുതരാവസ്ഥയിലാണ്. സംഭവസമയത്തും യുവാവ് ലഹരിയുടെ പിടിയിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. പശ ലഹരിയാക്കുന്നത് വ്യാപകമാകുന്നതായും പൊലീസ് പറയുന്നു. പശയിലും പെയിന്‍റ് തിന്നറുകളിലുമുള്ള ടോലിൻ എന്ന രാസവസ്തുവാണ് ലഹരി ഉണ്ടാക്കുന്നത്.
ഇതു ശ്വസിക്കുന്നത് തലച്ചോറിനെ ബാധിക്കുകയും താത്കാലികമായ ഹാലുസിനേഷൻ ഉണ്ടാകുകയും ചെയ്യും. നിരന്തരമായ ഉപയോഗം കേൾവി ശക്തിയെ ഇല്ലാതാക്കും. കരൾ, വൃക്ക, എന്നിവയെ ബാധിക്കാനും നാഡീരോഗങ്ങൾക്കും സാധ്യത വർധിപ്പിക്കും.