

സ്ത്രീധന പീഡനം: ട്വിഷയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യും
ജബൽപുർ: മധ്യപ്രദേശിലെ നോയ്ഡ സ്വദേശിയായ ട്വിഷ ശർമയുടെ മൃതദേഹം വീണ്ടും പോസ്റ്റ്മോർട്ടം ചെയ്യാൻ അനുമതി നൽകി മധ്യപ്രദേശ് ഹൈക്കോടതി. ട്വിഷ സ്ത്രീധന പീഡനത്തെത്തുടർന്നാണ് മരണപ്പെട്ടതെന്ന് ആരോപിച്ച് അച്ഛൻ നവ്നിധി ശർമ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഉത്തരവ്. ഡൽഹി എയിംസിൽ നിന്നുള്ള ഡോക്റ്റർമാരുടെ സംഘത്തെ ഭോപ്പാലിലേക്ക് എത്തിക്കുന്നതടക്കമുള്ള കാര്യങ്ങൾ സജ്ജീകരിക്കാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദേശിച്ചിട്ടുണ്ട്.
സംഘത്തിനായി ഒരു ഫ്ലൈറ്റ് സജ്ജീകരിക്കണമെന്നും എത്രയും പെട്ടെന്ന് പോസ്റ്റ്മോർട്ടം നടപ്പാക്കണമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. മേയ് 12നാണ് 33കാരിയായ ട്വിഷയെ കത്താര ഹിൽസിലുള്ള ഭർതൃവീട്ടിൽ മരണപ്പെട്ട നിലയിൽ കണ്ടെത്തിയത്. മോഡൽ കൂടിയായ ട്വിഷയെ ഭർത്താവും കുടുംബവും സ്ത്രീധനത്തിന്‍റെ പേരിൽ പീഡിപ്പിച്ചിരുന്നുവെന്നാണ് ട്വിഷയുടെ മാതാപിതാക്കൾ ആരോപിക്കുന്നത്. എന്നാൽ ട്വിഷ മയക്കുമരുന്നിന് അടിമയായിരുന്നുവെന്നാണ് ഭർത്താവിന്‍റെ വീട്ടുകാരുടെ ആരോപണം.
നിലവിൽ ട്വിഷയുടെ മൃതദേഹം ഭോപ്പാലിലെ എയിംസ് മോർച്ചറിയിൽ മൈനസ് 4 ഡിഗ്രീ സെൽഷ്യസിൽ സൂക്ഷിച്ചിരിക്കുകയാണ്. മൈനസ് 80 ഡിഗ്രീ സെൽഷ്യസ് വരെ തണുപ്പിലെ മൃതദേഹം അധിക കാലം സൂക്ഷിക്കാനാകൂ. അതിനുള്ള സംവിധാനം സംസ്ഥാനത്ത് ലഭ്യമല്ല. ട്വിഷയുടെ മാതാപിതാക്കളുടെ പരാതിയിൽ ഭർത്താവ് സമർഥ് സിങ്ങിനും മാതാപിതാക്കൾക്കുമെതിരേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സമർഥ് സിങ് ഇപ്പോൾ ഒളിവിലാണ്. ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്നവർക്ക് പൊലീസ് 30,000 രൂപ ഇനാം പ്രഖ്യാപിച്ചിട്ടുണ്ട്.