

4,000 രൂപ ചോദിച്ചിട്ട് നൽകിയില്ല; പ്രായപൂർത്തിയാകാത്ത മകളുടെ കൺമുന്നിൽ വച്ച് ഭർത്താവ് ഭാര‍്യയെ കുത്തിക്കൊന്നു
representative image
കോൽക്കത്ത: 4,000 രൂപ ചോദിച്ചിട്ട് നൽകാത്തതിനെ തുടർന്ന് പ്രായപൂർത്തിയാകാത്ത മകളുടെ കൺമുന്നിൽ വച്ച് ഭാര‍്യയെ ഭർത്താവ് കുത്തിക്കൊന്നു. കോൽക്കത്തയിലെ കസ്ബയിലാണ് സംഭവം നടന്നത്. സ്വപന് സിങ് എന്ന സ്ത്രീയാണ് കൊല്ലപ്പെട്ടത്.
കൊലപാതകത്തിനു ശേഷം സംഭവ സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അയൽവാസികൾ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നുവെന്ന് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
ബിനോദ് സിങ് എന്നയാളാണ് അറസ്റ്റിലായത്. ഇയാൾ മദ‍്യപിച്ച് വീട്ടിലെത്തി ഭാര‍്യയുമായി പ്രശ്നങ്ങളുണ്ടാക്കാറുണ്ടെന്നാണ് അയൽവാസികൾ പറയുന്നത്. പണം ആവശ‍്യപ്പെടാറുണ്ടെന്നും നൽകിയില്ലെങ്കിൽ ഭാര‍്യയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും അയൽവാസികൾ പറയുന്നു.
കഴിഞ്ഞ ശനിയാഴ്ച 10 മണിയോടെ വീട്ടിലെത്തിയ ബിനോദ് ഭാര‍്യയോട് 4,000 രൂപ ആവശ‍്യപ്പെട്ടിരുന്നു. നൽകാൻ വിസമ്മതിച്ചതിൽ പ്രകോപിതനായി ബിനോദ് വീട്ടിൽ നിന്നും ഇറങ്ങി പോയി. പിന്നീട് അടുത്ത ദിവസം തിരിച്ചെത്തി. മകൾ വീടിന്‍റെ വാതിൽ തുറന്നു കൊടുത്തു.
കൈയിൽ കരുതിയിരുന്ന കത്തി കൊണ്ട് ഭാര‍്യയുടെ വയറ്റിൽ കുത്തി. യുവതിയുടെ നിലവിളി കേട്ട് അയൽവാസികൾ ഓടി എത്തുകയും ഗുരുതരമായി പരുക്കേറ്റ സ്വപ്നയെ ചിത്തരഞ്ജൻ മെഡിക്കൾ കോളെജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പ്രതിയെ അയൽവാസികൾ തന്നെയാണ് ആദ‍്യം പിടികൂടിയത്. പിന്നീട് പൊലീസെത്തി ബിനോദ് സിങ്ങിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരുടെ മകളിൽ നിന്നും സംഭവത്തിന്‍റെ മുഴുവൻ വിവരങ്ങളും അന്വേഷണ ഉദ‍്യോഗസ്ഥർ ശേഖരിച്ചു. കുടുംബ കലഹമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് അയച്ചു. സ്വപ്ന സിങ്ങിന്‍റെ കുടുംബം പരാതി നൽകിയിട്ടുണ്ട്.