

ഓൺലൈനിലൂടെ പൂട്ട് പൊളിക്കാൻ പഠിച്ചു. അഞ്ച് വീടുകൾ കുത്തിത്തുറന്ന് 25 കാരി കവർന്നത് 70 ലക്ഷം
ഹൈദരാബാദ്: അഞ്ച് വീടുകൾ കുത്തിത്തുറന്ന് 70 ലക്ഷം രൂപ മോഷ്ടിച്ച കേസിൽ 25കാരി അറസ്റ്റിൽ. ഹൈദരാബാദിലാണ് സംഭവമുണ്ടായത്. പഗ ജയ എന്ന യുവതിയാണ് അറസ്റ്റിലാണ്. തിരിച്ചറിയാതിരിക്കാൻ ബുർഖ ധരിച്ചെത്തിയാണ് യുവതി മോഷണം നടത്തിയിരുന്നത്.
ഇവരിൽ നിന്ന് 560 ഗ്രാം സ്വർണവും 1.5 കിലോ വെള്ളിയും, ഐ ഫോണും ഉൾപ്പടെ 70 ലക്ഷത്തിന്‍റെ മോഷണമുതൽ കണ്ടെത്തി. വീട്ടുകാർ വീട്ടിൽ നിന്ന് മാറി നിൽക്കുന്ന സമയത്താണ് ജയ മോഷണം നടത്തിയിരുന്നത്. ബുർഖ ധരിച്ച് കൈയിൽ കട്ടിങ് മെഷീനുമായാണ് ജയ എത്തിയിരുന്നത്. തോളിൽ ഒരു ബാഗുമുണ്ടാകും. തുടർന്ന് മുറിയുടെ പൂട്ട് തകർത്താണ് അകത്ത് കയറിയിരുന്നത്. ഓൺലൈനിൽ നോക്കിയാണ് ഇവർ പൂട്ട് പൊളിക്കാൻ പഠിച്ചിരുന്നതെന്നും പൊലീസ് പറഞ്ഞു.
ഉപ്പൽ പൊലീസ് സ്റ്റേഷന്‍റെ പരിധിയിലുള്ള ന്യൂ ഭാരത് നഗർ കോളനിയിലെ ഗംഗം ഭാസ്കര റെഡ്ഡി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ജയ അറസ്റ്റിലായത്. ഒക്‌ടോബർ 26ന് ഭാസ്കര റെഡ്ഡി ക്ഷേത്രദർശനത്തിനായി പോയ സമയത്ത് ജയ പൂട്ട് തകർത്ത് വീട്ടിൽ കയറി. ഇവിടെ നിന്ന് സ്വർണവും വെള്ളിയും പണവും മോശഷ്ടിച്ചു. അടുത്ത ദിവസം എത്തിയ വീട്ടുജോലിക്കാരിയാണ് മോഷണം നടന്നത് ശ്രദ്ധിച്ചത്. തുടർന്ന് ഉപ്പൽ പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് സിസിടിവി കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിൽ ബുർഖ ധരിച്ചെത്തിയ സ്ത്രീ മോഷണം നടത്തുന്നത് കണ്ടെത്തുകയായിരുന്നു. തുടർന്നാണ് ജയയെ അറസ്റ്റ് ചെയ്യുന്നത്. ചോദ്യം ചെയ്യലിൽ കൂടുതൽ വീടുകളിൽ മോഷണം നടത്തിയതായി കണ്ടെത്തി.