

പ്രതി അമൃത ചൗഹാൻ, കൊല്ലപ്പെട്ട രാം കേശ് മീന
ന്യൂഡൽഹി: ലിവ് ഇൻ പങ്കാളിയെ കൊലപ്പെടുത്തിയ കേസിൽ 21കാരി അറസ്റ്റിൽ. ഡൽഹിയിൽ ഐഎഎസ് പരിശീലനം നടത്തിയിരുന്ന രാം കേശ് മീന കൊല്ലപ്പെട്ട കേസിലാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. അമൃത ചൗഹാൻ എന്ന യുവതിയാണ് പിടിയിലായിരിക്കുന്നത്. ഒക്റ്റോബർ 6ന് ഡൽഹി തിമർപുരിലുണ്ടായ തീ പിടിത്തത്തിലാണ് രാം കേശ് മീന മരിച്ചത്. നാലാം നിലയിലെ ഫ്ലാറ്റിലായിരുന്നു രാം കേശ് താമസിച്ചിരുന്നത്. രാം കേശിന്‍റെ കുടുംബം മരണത്തിൽ ദുരൂഹത ആരോപിച്ച് നൽകിയ പരാതിയിൽ സിസിടിവി ക്യാമറയും ഫോണും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് രാം കേശിന്‍റെ മുൻ ലിവ് ഇൻ പങ്കാളിയായിരുന്ന അമൃതയെ അറസ്റ്റ് ചെയ്തത്. തന്‍റെ മുൻ കാമുകൻ സുമിത് കശ്യപ്, സുഹൃത്ത് സന്ദീപ് കുമാർ എന്നിവരും കൊലപാതകത്തിന് സഹായിച്ചതായി യുവതി മൊഴി നൽകിയിട്ടുണ്ട്. മൂവരും അറസ്റ്റിലായി.
2025 മേയിലാണ് രാം കേശും അമൃതയുമായി പരിചയപ്പെട്ടത്. ഗാന്ധി വിഹാറിലെ ഫ്ലാറ്റിൽ ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നു. ആ സമയത്ത് രാം കേശ് അമൃതയുടെ നഗ്ന വിഡിയോകൾ പകർത്തി ഹാർഡ് ഡിസ്കിൽ സൂക്ഷിച്ചിരുന്നു. ഇതറിഞ്ഞ അമൃത ഈ വിഡിയോകൾ നീക്കം ചെയ്യാൻ ആവശ്യപ്പെട്ടു. രാം കേശ് വിസമ്മതിച്ചതോടെയാണ് പ്രശ്നപരിഹാരത്തിനായി മുൻ കാമുകൻ സുമിത്തിന്‍റെ സഹായം തേടിയത്. പിന്നീട് മറ്റൊരു സുഹൃത്തായ സന്ദീപിന്‍റെ സഹായത്തോടെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നു. തീപിടിത്തത്തിൽ മരിച്ചുവെന്ന് വരുത്തിത്തീർക്കാനായിരുന്നു ശ്രമം.
ഒക്റ്റോബർ 5ന് രാം കേശിന്‍റെ ഫ്ലാറ്റിലെത്തിയ മൂവരും ചേർന്ന് രാം കേശിനെ കൊന്നു. പിന്നീട് നെയ്യും എണ്ണയും വൈനും ദേഹത്തൊഴിച്ച് തീ കൊളുത്തി.
രാം കേശിന്‍റെ മൃതദേഹത്തിനടുത്തു തന്നെ എൽപിജി സിലിണ്ടർ തുറന്ന് വച്ചിരുന്നു. രാം കേശിന്‍റെ രണ്ട് ലാപ്ടോപ്പുകളും ഹാർഡ് ഡിസ്കും എടുത്താണ് അമൃതയും സന്ദീപും പുറത്തിറങ്ങിയത്. തൊട്ടു പിന്നാലെ തീ കൊളുത്തിയ ശേഷം സുമിത്തും പുറത്തേക്കിറങ്ങി. അതിനു ശേഷം ഒരു മണിക്കൂർ കഴിഞ്ഞാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചത്. തെളിവുകളിൽ ഭൂരിഭാഗവും തീ പിടിത്തത്തിൽ നശിപ്പിക്കപ്പെട്ടെങ്കിലും സിസിടിവി ദൃശ്യങ്ങൾ പ്രതികളെ കുടുക്കുകയായിരുന്നു.