
പ്രതി സുകാന്ത്
കൊച്ചി: ഐബി ഉദ്യോഗസ്ഥയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രതി സുകാന്ത് സുരേഷ് പൊലീസിനു മുന്നിൽ കീഴടങ്ങി. എറണാകുളം സെൻട്രൽ പൊലീസ് സ്റ്റേഷനിലാണ് സുകാന്ത് കീഴടങ്ങിയത്. ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ പ്രതി സുകാന്ത് സുരേഷിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തളളിയിരുന്നു. ഇതിനു പിന്നാലെയാണ് കീഴടങ്ങിയത്.
സുകാന്തിന് ഒരേ സമയം പല സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. മാനസികമായും സാമ്പത്തികമായും പ്രതി യുവതിയെ ചൂഷണം ചെയ്തെന്നും ഹൈക്കോടതി കണ്ടെത്തി. മാർച്ച് 24നാണ് ഐബി ഉദ്യോഗസ്ഥയായിരുന്ന യുവതിയെ തിരുവനന്തപുരം പേട്ടയ്ക്കു സമീപം റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടെ സഹപ്രവർത്തകനായിരുന്നു സുകാന്ത്. ഇയാൾ പെൺകുട്ടിയെ ലൈംഗികവും സാമ്പത്തികവുമായി ചൂഷണം ചെയ്തിരുന്നുവെന്ന് പൊലീസ് കണ്ടത്തിയിട്ടുണ്ട്.
ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് ചാറ്റുകൾ തെളിവുകളായിട്ടുണ്ടെന്ന് കോടതി പറഞ്ഞു. കേസ് ഡയറിയുടെ ചില ഭാഗങ്ങൾ മാധ്യമങ്ങളിലൂടെ പുറത്തുപോയതിൽ അന്വേഷണം വേണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.