
പ്രതി സുകാന്ത്
തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയുടെ മരണത്തിൽ നിർണായക തെളിവുകൾ കണ്ടെടുത്ത് പൊലീസ്. പെൺകുട്ടിയും പ്രതി സുകാന്തുമായുള്ള ഇൻസ്റ്റഗ്രാം ചാറ്റാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്. പെൺകുട്ടി എന്ന് ആത്മഹത്യ ചെയ്യുമെന്ന് പ്രതി ചാറ്റിലൂടെ നിരന്തരമായി ചോദിച്ചിരുന്നതായി പൊലീസ് പറയുന്നു. എനിക്ക് നിന്നെ വേണ്ട എന്ന സുകാന്തിന്‍റെ സന്ദേശത്തോട് എനിക്കീ ഭൂമിയിൽ ജീവിക്കാൻ താത്പര്യമില്ലെന്നാണ് പെൺകുട്ടിയുടെ മറുപടി. നീ ഒഴിഞ്ഞാലേ എനിക്ക് അവളെ വിവാഹം കഴിക്കാൻ പറ്റൂ അതിന് നീ പോയി ചാകണം, നീ എന്ന് ചാകും എന്ന് സുകാന്ത് പെൺകുട്ടിയോട് ചോദിച്ചിട്ടുണ്ട്. ഓഗസ്റ്റ് 9ന് മരിക്കും എന്നാണ് പെൺകുട്ടി മറുപടി നൽകിയിരിക്കുന്നത്. ഇത് നിർണായക തെളിവാണെന്ന് പൊലീസ് പറയുന്നു.
സുകാന്തിന്‍റെ ബന്ധുവിന്‍റെ ഉടമസ്ഥതയിലുള്ള ചാവക്കാട്ടെ വാടകമുറിയിൽ നിന്നാണ് പ്രതിയുടെ ഐഫോൺ പൊലീസ് പിടിച്ചെടുത്തത്.
സുകാന്തിനെതിരേ ആത്മഹത്യാ പ്രേരണ, ബലാത്സംഗം എന്നീ കുറ്റങ്ങളാണ് പൊലീസ് ചുമത്തിയിരിക്കുന്നത്. പ്രതി ഇപ്പോഴും ഒളിവിലാണ്. മാർച്ച് 24നാണ് പത്തനംതിട്ട സ്വദേശിയായ പെൺകുട്ടിയെ തിരുവനന്തപുരം പേട്ട റെയിൽവേ സ്റ്റേഷനു സമീപത്തുള്ള പാളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ സഹപ്രവർത്തകനാണ് സുകാന്ത്. മരിക്കുന്നതിനു തൊട്ടു മുൻപു വരെ പെൺകുട്ടി ഇയാളെ വിളിച്ചിരുന്നു. കേസിനെത്തുടർന്ന് ഐബിയിൽ നിന്ന് സുകാന്തിനെ പിരിച്ചു വിട്ടു.