

'വീട്ടിൽ ഊണ്', ഒപ്പം മദ്യശേഖരവും; ഹോട്ടലിൽ നിന്ന് പിടിച്ചെടുത്തത് 76 കുപ്പി മദ്യം
എരുമേലി: വീട്ടിൽ ഊണിന്‍റെ മറവിൽ അനധികൃതമായി മദ്യവിൽപ്പന നടത്തിയ ഹോട്ടലുടമ അറസ്റ്റിൽ. കറിക്കാട്ടൂരിലെ തിരുവോണം എന്ന ഹോട്ടലിന്‍റെ ഉടമ വി.എസ്. ബിജുമോനാണ് പിടിയിലായത്. ഇയാളുടെ ഹോട്ടലിൽ നിന്ന് 76 കുപ്പി മദ്യവും പിടിച്ചെടുത്തു. പുതുവർഷദിനത്തിൽ അധികവിലയ്ക്ക് മദ്യം വിൽക്കാനായിരുന്നു നീക്കം.
ഇതര സംസ്ഥാനതൊഴിലാളികളും ഡ്രൈവർമാരും കൂടിയ വിലയ്ക്ക് ഇവിടെ നിന്ന് മദ്യം വാങ്ങിയിരുന്നു. ബവ്കോയിൽ നിന്ന് പല തവണ ക്യൂ നിന്നാണ് ഇയാൾ വൻതോതിൽ മദ്യം ശേഖരിച്ചത്.
എരുമേലി എക്സൈസ് വകുപ്പ് നടത്തിയ പരിശോധനയിലാണ് മദ്യം പിടിച്ചെടുത്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.