

മൻജീത് കൗർ
ചണ്ഡിഗഡ്: പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ മൻജീത് കൗറിന്‍റെ (28) കൊലപാതകക്കേസ് പുതിയ വഴിത്തിരിവിൽ. മൻജീത് കൗറിന്‍റെ അവസാന വിഡിയോ പുറത്തുവന്നു. തന്നെ ജീവനോടെ കത്തിക്കാൻ ശ്രമിച്ചവരുടെ പേരുകൾ പറഞ്ഞുകൊണ്ടുള്ളതാണ് വിഡിയോ. ഇവർക്കെതിരേ നടപടിയെടുക്കണമെന്നും മൻജീത് വിഡിയോയിൽ ആവശ്യപ്പെടുന്നുണ്ട്.
ചികിത്സയിലിരിക്കെ പകർത്തിയതാണ് വിഡിയോ. എന്നെ ഈ അവസ്ഥയിലാക്കിയത് സുർജിത്, ഷുബി, നേഹ, ഷുബിയുടെ കൂടെയുള്ള രണ്ട് ആണുങ്ങളും കൂടിയാണ്. അവർ എന്‍റെ ശരീരത്തിന് തീയിട്ടു. എന്നെ ഉപദ്രവിച്ചവരെ എത്രയും പെട്ടെന്ന് ശിക്ഷ വാങ്ങിക്കൊടുക്കണമെന്ന് ഞാൻ അപേക്ഷിക്കുകയാണ്. - എന്നാണ് മൻജീത് വിഡിയോയിൽ പറയുന്നത്.
ജൂലൈ മൂന്നിനാണ് സംഭവം നടന്നത്. മൻജീതിനെ തട്ടിക്കൊണ്ടുപോയി ആക്രമണത്തിന് ഇരയാക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആദ്യം മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ചണ്ഡീഗഡിലെ പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂ്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ചിലേക്ക് മാറ്റി. ഓഗസ്റ്റ് അഞ്ചിന് ബോധം തെളിഞ്ഞ ഇവർ വീട്ടുകാരോട് തനിക്കുണ്ടായ അനുഭവം പങ്കുവച്ചു. മൊഴിയെടുക്കാനായി പൊലീസിനോട് ആവശ്യപ്പെട്ടെങ്കിലും അവർ എത്തിയില്ലെന്നും ആരോപണമുണ്ട്. രണ്ടു മാസത്തോളം മരണത്തോട് മല്ലിട്ട മൻജീത് ഓഗസ്റ്റ് 26ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പ്രതികരളുടെ പേര് പരാമർശിച്ച് മൻജീത് കൗറിന്‍റെ വിഡിയോ പുറത്തുവന്നത്.