

ഭാര്യയെ കൊന്ന് ഇതരസംസ്ഥാന തൊഴിലാളി ജീവനൊടുക്കി
file image
ചാലക്കുടി: ചാലക്കുടിയിൽ ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. ബംഗാൾ സ്വദേശികളായ ഉമിത് (38), ഭാര്യ രാധ (32) എന്നിവരാണ് മരിച്ചത്. പോട്ട വാഴക്കുന്നിൽ താഴത്തേതിൽ വീട്ടിൽ ടിജോയുടെ വീട്ടിലെ ജോലിക്കാരായിരുന്നു ഇരുവരും. ടിജോയുടെ വീടിന് തൊട്ടടുത്തുതന്നെയുള്ള പഴയ വീട്ടിലെ മുറിയിൽ നിന്നാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മൃതദേഹങ്ങൾക്ക് രണ്ടുദിവസത്തെ പഴക്കമുള്ളതായി സംശയിക്കുന്നു. ഉമിത് ഭാര്യയുടെ കഴുത്തിൽ ഷാൾ ഇട്ട് മുറുക്കിയതിന്‍റെ ലക്ഷണങ്ങളുണ്ട്.
ഇരുവരും തമ്മിൽ കലഹം പതിവായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. നാലുമാസത്തോളമായി ഇരുവരും ജോലിക്കായി കേരളത്തിൽ എത്തിയിട്ട്. മേയ് 31ന് ഉച്ചക്ക് ഇരുവരും തമ്മിൽ കലഹിക്കുന്നത് കണ്ടതായി സെക്യൂരിറ്റി ജീവനക്കാരൻ മൊഴി നൽകിയിരുന്നു.
വീട് അകത്ത് നിന്നും പൂട്ടിയ നിലയിലായിരുന്നു. വാതിൽ പൊളിച്ചാണ് അകത്തു കടന്നത്. ചാലക്കുടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.