സ്ത്രീകൾക്ക് ജയിലിലും രക്ഷയില്ല! ഭോപ്പാൽ സെൻട്രൽ ജയിലിൽ വനിതാ വാർഡനെ പീഡിപ്പിച്ച് ജയിലർ

ജയിലിലെ ശൗചാലയത്തിൽ വച്ച് വാർഡനെ പീഡിപ്പിച്ച ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു
Jailer sexually harasses female warden at Bhopal Central Jail

ഭോപ്പാൽ സെൻട്രൽ ജയിലിൽ വനിതാ വാർഡനെ പീഡിപ്പിച്ച് ജയിലർ

Updated on: 

ഭോപ്പാൽ: മധ്യപ്രദേശിലെ ഭോപ്പാൽ സെൻട്രൽ ജയിലിൽ വനിതാ വാർഡനെ ബലാത്സംഗം ചെയ്ത ജയിലർക്കെതിരേ കേസെടുത്തു. ജയിലിലെ ശൗചാലയത്തിൽ വച്ച് വാർഡനെ പീഡിപ്പിച്ച ഇയാൾ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ജയിലറായ മഗനു സിംഗ് മാരവിക്ക് (52) എതിരെയാണ് കേസെടുത്തത്. വെള്ളിയാഴ്ച രാത്രി 10.30ന് ജയിലിൽ 58കാരിയായ വാർഡൻ പട്രോളിങ് നടത്തവേയാണ് പീഡനത്തിനിരയായത്. അശ്ലീല പരാമർശം നടത്തിയ ജയിലർ തുടർന്ന് ശൗചാലയത്തിലേക്ക് ബലമായി പിടിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ജയിലർ ഭീഷണിപ്പെടുത്തിയെന്നും വാർഡൻ ഗാന്ധിനഗർ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

കേസെടുത്ത പൊലീസ് വാർഡനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് വൈദ്യപരിശോധനയ്ക്ക് വിധേയമാക്കി. ജയിലിൽ എത്തിയ പൊലീസ് പീഡനം നടന്ന സ്ഥലം പരിശോധിച്ച് തെളിവ് ശേഖരിച്ചു. ജയിൽ വകുപ്പിനെ വിവരമറിയിച്ചിട്ടുണ്ടെന്നും ജയിലറെ ചോദ്യം ചെയ്യുമെന്നും ഡിസിപി ആദർശ് കാന്ത് ശുക്ള പറഞ്ഞു. കൂടാതെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

2024 ഓഗസ്റ്റിലാണ് മാരവിയെ ഭോപ്പാൽ സെൻട്രൽ ജയിലിൽ നിയമിച്ചത്. അതിനുമുൻപ് ഉമാരിയ ജില്ലാ ജയിലിൽ ഡെപ്യൂട്ടി സൂപ്രണ്ടായിരുന്നു ഇയാൾ.