മുൻ കാമുകന്‍റെ പങ്കാളിയോട് അസൂയ; യുവതി വിഷം പുരട്ടി നൽകിയ ഈസ്റ്റർ മുട്ട കഴിച്ച് 7 വയസുകാരൻ മരിച്ചു

ചോക്ലേറ്റ് കഴിച്ച കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 7 വയസുകാരന്‍റെ ജീവൻ രക്ഷിക്കാനായില്ല.
jealous ex lover courier poisoned Easter eggs for his current partner, kid dies

മുൻ കാമുകന്‍റെ പങ്കാളിയോട് അസൂയ; യുവതി വിഷം പുരട്ടി നൽകിയ ഈസ്റ്റർമുട്ട കഴിച്ച് 7 വയസുകാരൻ മരിച്ചു

Updated on

സാവോ പോളോ: മുൻ കാമുകന്‍റെ പങ്കാളിയെ കൊല്ലാൻ വീട്ടിലേക്ക് വിഷം പുരട്ടിയ ഈസ്റ്റർ മുട്ടകൾ സമ്മാനമായി അയച്ച് യുവതി. വിഷം പുരട്ടിയ ചോക്ലേറ്റ് മുട്ടകൾ കഴിച്ച 7 വയസുകാരൻ മരിച്ചു. 13 കാരിയായ പെൺകുട്ടി ഗുരുതരാവസ്ഥയിലാണ്.

ബ്രസീലിലെ മാരൻഹാവോയിലാണ് സംഭവം. സംഭവത്തിൽ ജോർദേലിയ പെരേര എന്ന 35 വയസുകാരിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജോർദേലിയയുടെ മുൻ കാമുകന്‍റെ ഇപ്പോഴത്തെ ജീവിത പങ്കാളിയായ മിറിയൻ ലിറയെ കൊല്ലാനായിരുന്നു ശ്രമം. പക്ഷേ, ലിറയുടെ ഏഴ് വയസുള്ള മകൻ ലൂയിസ് സിൽവയാണ് കൊല്ലപ്പെട്ടത്.

ഇതിനു മുൻപും ജോർദേലിയ മിറിയൻ ലിറയെ കൊല്ലാൻ ശ്രമിച്ചിട്ടുണ്ട്. മുൻ കാമുകൻ സന്തോഷത്തോടെ ജീവിക്കുന്നതിലുള്ള അസൂയയാണ് കൊലപാതക ശ്രമത്തിനു പിന്നിലെന്ന് പൊലീസ് പറയുന്നു.

വിഗ്ഗും സൺ ഗ്ലാസും ധരിച്ച് സൂപ്പർ മാർക്കറ്റിലെത്തിയ യുവതി ചോക്ലേറ്റ് കൊണ്ടുള്ള ഈസ്റ്റർ മുട്ടകൾ വാങ്ങിയതായി സിസിടിവിയിൽ നിന്ന് വ്യക്തമാണ്. പിന്നീട് വിഷം പുരട്ടിയതിനു ശേഷം ചോക്ലേറ്റ് ലിറയുടെ വീട്ടിലേക്ക് കൊറിയർ അയച്ചു. കൊറിയർ എത്തിയെന്ന് ലിറയുടെ വീട്ടിലേക്ക് ഫോൺ ചെയ്ത് ജോർദേലിയ ഉറപ്പിച്ചിരുന്നു. ചോക്ലേറ്റ് കഴിച്ച കുട്ടികളെ ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും 7 വയസുകാരന്‍റെ ജീവൻ രക്ഷിക്കാനായില്ല.

ലിറയുടെ മകളും ലിറയും ആശുപത്രിയിൽ ചികിത്സയിലാണ്. സംഭവത്തിനു പിന്നാലെ നാടു വിടാൻ ശ്രമിച്ച ജോർദേലിയയെ പൊലീസ് അറസ്റ്റ് ചെയ്തു. വിഷം പുരട്ടിയ ചോക്ലേറ്റ് ഫോറൻസിക് പരിശോധനയ്ക്കായി അയച്ചു. ഇതിനു മുൻപ് ലിറ ജോലി ചെയ്യുന്ന സ്ഥാപനത്തിൽ സൗജന്യമായി മിഠായി വിതരണം ചെയ്യാനും ജോർദേലിയ ശ്രമിച്ചിരുന്നു. അന്നു പക്ഷേ മിറ ജോലിക്ക് ഹാജരായിരുന്നില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com