
പാവ് ഭാജിക്ക് 30 രൂപ ചെലവാക്കി; ഫോൺപേ ചതിച്ചു, 2.15 കോടി കവർന്ന സംഘം പിടിയിൽ
കൽബുർഗി: സ്വർണക്കടയിൽ നിന്ന് 2.15 കോടി രൂപയുടെ കവർച്ച നടത്തിയ സംഘത്തെ പിടികൂടി കർണാടക പൊലീസ്. കൽബുർഗിയിലാണ് സംഭവം. ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ മോഷണത്തിനൊടുവിൽ കവർച്ചക്കാരിലൊരാൾക്ക് പാവ് ഭാജിയോട് മോഹം തോന്നിയതാണ് പൊലീസിന് തുണയായത്. കൽബുർഗിയിൽ മോഷണം നടത്തിയ അയോധ്യ പ്രസാദ് ചൗഹാൻ (48), ഫാറൂഖ് അഹമ്മദ് മാലിക് (40), സുഹൈൽ ഷെയിഖ് എന്നിവരാണ് അറസ്റ്റിലായത്. ജൂലൈ 11ന് മറാത്തുള്ള മാലിക് എന്നയാളുടെ സ്വർണക്കടയിൽ അതിക്രമിച്ചു കടന്നാണ് ഇവർ വൻ കൊള്ള നടത്തിയത്.
ഫാറൂഖ് ആയിരുന്നു കവർച്ച ആസൂത്രണം ചെയ്തത്. സ്വർണപ്പണിക്കാരനായിരുന്ന ഫാറൂഖിന് കച്ചവടത്തിൽ നഷ്ടം ഉണ്ടായതോടെ 40 ലക്ഷത്തിൽ പരം കടം വന്നിരുന്നുവെന്ന് പൊലീസ്. കടം തീർക്കാനായുള്ള എളുപ്പവഴിയായാണ് ഫാറൂഖ് കവർച്ചയെ കണ്ടത്. സമാന മനസ്കരായ മറ്റു മൂന്നു പേരെ കൂടി കൂടെച്ചേർത്ത് പഴുതടച്ചായിരുന്നു ഇവരുടെ മോഷണം. ഫാറൂഖ് കടയ്ക്കു മുന്നിൽ കാവൽ നിന്നു, മറ്റു മൂന്നു പേർ പട്ടാപ്പകൽ സ്വർണക്കടയിലേക്ക് കയറി തോക്ക് ചൂണ്ടി മറാത്തുള്ള മാലിക്കിനെ ബന്ധനസ്ഥനാക്കുകയായിരുന്നു. ലോക്കറിൽനിന്ന് 3 കിലോഗ്രാം സ്വർണവും പണവുമാണ് സംഘം കവർന്നത്.
വിജയകരമായി കവർച്ച പൂർത്തിയാക്കിയ ശേഷം മറ്റു മൂന്നു പേരും സ്ഥലം വിട്ടെങ്കിലും ഫാറൂഖ് സ്ഥലത്തു തന്നെ നിന്നു. അടുത്തുള്ള കടയിൽ നിന്ന് പാവ് ഭാജി വാങ്ങിക്കഴിച്ച് ഫോൺ പേയിൽ പണം നൽകിയതോടെയാണ് കേസിന് തുമ്പായത്. സിസിടിവിയിൽ ഈ ദൃശ്യങ്ങളെല്ലാം പതിഞ്ഞിരുന്നു. ഡിജിറ്റൽ പേയ്മെന്‍റ് ട്രേസ് ചെയ്ത് ഫോൺ നമ്പർ കണ്ടെത്തിയാണ് പൊലീസ് കവർച്ചാ സംഘത്തെ പിടികൂടിയത്. കവർച്ചയ്ക്കു തൊട്ടുപിന്നാലെ സംഘം പാതിയിലേറെ ആഭരണവും ഉരുക്കി. മോഷണ മുതൽ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. മോഷണത്തിനിരയായ സ്വർണക്കടക്കാരൻ രേഖകളില്ലാത്ത സ്വർണവും കടയിൽ സൂക്ഷിച്ചിരുന്നു. അതു കൊണ്ട് തന്നെ റെയ്ഡ് ഭയന്ന് 805 ഗ്രാം സ്വർണം മോഷണം പോയെന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ വീണ്ടും ചോദ്യം ചെയ്തതോടെ ഇയാൾ 3 കിലോഗ്രാം സ്വർണം നഷ്ടപ്പെട്ടതായി സമ്മതിക്കുകയായിരുന്നു.