കരുവാറ്റയിലെ 65 കാരന്‍റെ കൊലപാതകം; മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് 13 കാരി, കൊന്നത് സുഹൃത്തുക്കൾ

13 കാരി നൽകിയ ക്വട്ടേഷൻ പ്രകാരം 16 വയസുള്ള മൂന്നു കുട്ടികൾ ചേർന്നാണ് ശിവൻകുട്ടിയെ കൊലപ്പെടുത്തിയത്
karuvatta 65 year old sivankutty murder grand daughter minors arrested

ശിവൻകുട്ടി

Updated on: 

ഹരിപ്പാട്: കരുവാറ്റയിൽ‌ 65 വയസുകാരനെ കൊലപ്പെടുത്തിയത് 13 വയസുകാരിയായ കൊച്ചുമകളും കൂട്ടുകാരും ചേർന്നെന്ന് കണ്ടെത്തൽ. പെൺകുട്ടിക്കു പുറമേ പ്രായപൂർത്തിയാവാത്ത മൂന്നു ആൺകുട്ടികളാണ് അറസ്റ്റിലായിരിക്കുന്നത്. ഇവർ‌ക്ക് 16 വയസ് മാത്രമാണ് പ്രായം. ഇൻസ്റ്റഗ്രാം സുഹൃത്തുക്കളാണ് എല്ലാവരും. ഇവർക്ക് പെൺകുട്ടി മുത്തച്ഛനെ കൊല്ലാൻ ക്വട്ടേഷൻ കൊടക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം രാത്രിയാണ് ശിവൻകുട്ടിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കിടക്കവിരികളും മറ്റും ഉപയോഗിച്ച് കൈയും കാലും പിന്നിലേക്ക് വലിച്ചുകെട്ടിയ നിലയിലായിരുന്നു മൃതദേഹം. സമീപത്ത് മുളകുപൊടി വിതറിയിരുന്നു. ശ്വാസം മുട്ടിച്ച് കൊന്നതാണെന്നാണ് വിവരം. അലമാര പൊളിച്ച് ആറ് പവനോളം സ്വർണവും മോഷ്ടിച്ചിരുന്നു.

കരുവാറ്റ കന്നുകാലിപ്പാലത്തിനു സമീപത്തെ വാടകവീട്ടിലാണ് ശിവൻകുട്ടിയും കുടുംബവും രണ്ടു വർഷമായി താമസിച്ച് വന്നിരുന്നത്. 13 വയസുകാരിയുടെ അമ്മ പ്രസവത്തിനായി ആശുപത്രിയിലാണ്. ആശുപത്രിയിൽ കൂട്ടു നിൽക്കാൻ ശിവൻകുട്ടിയുടെ ഭാര്യ പോയിരുന്നു. ഇതേ സമയം ശിവൻകുട്ടിയും പ്രതിയായ പേരക്കുട്ടിയും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

ഈ തക്കം പേരക്കുട്ടി കാര്യങ്ങൾ ആസൂത്രണം ചെയ്യുകയായിരുന്നു. കൊലപാതക സമയം പേരക്കുട്ടി വീട്ടിലുണ്ടായിരുന്നില്ല. പകരം കൊലപാതകത്തിന്‍റെ ദൃശ്യങ്ങൾ സുഹൃത്തുക്കൾ വീഡിയോ കോളിലൂടെ കാണിക്കുകയായിരുന്നു.

തുടർന്ന് പെൺകുട്ടി വീട്ടിലെത്തിയപ്പോൾ വാതിൽ അടച്ചിട്ടിരിക്കുകയാണെന്ന് അമ്മയെ വിളിച്ചു പറഞ്ഞു. അമ്മ കുട്ടിയോട് കൂട്ടുകാരിയുടെ വീട്ടിൽ പോവാൻ നിർദേശിച്ചു. പിറ്റേദിവസം കുട്ടി വന്നപ്പോഴും വാതിൽ തുറന്നിട്ടില്ലെന്ന് പറഞ്ഞ് അയൽ‌ക്കാരെ വിളിച്ച് വരുത്തുകയായിരുന്നു. അവർ വന്ന് നോക്കിയപ്പോഴാണ് ശിവൻകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

അന്ന് മുഴുവൻ പൊലീസ് കുട്ടിയോട് കാര്യങ്ങൾ‌ തിരക്കിയെങ്കിലും കുട്ടി ഒന്നും വിട്ടു പറഞ്ഞില്ല. തുടർന്ന് കുട്ടിയുടെ ഫോൺ പരിശോധിച്ചപ്പോഴാണ് ചാറ്റുകളും കോളുകളും കാണുന്നത്. ഇത് പിന്തുടർന്ന് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്തിയത്.

മോഷണമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടിക്ക് ഐഫോൺ വാങ്ങാനും പ്രതികൾക്ക് ബൈക്ക് വാങ്ങാനായുമാണ് ഈ കുട്ടികൾ മോഷണവും കൊലപാതകവും ചെയ്തതെന്ന് പൊലീസ്. നിലവിൽ പൊലീസ് കസ്റ്റഡിയിലുള്ള ഇവരെ ചോദ്യം ചെയ്തു വരുകയാണ്.

logo
Metro Vaartha
www.metrovaartha.com