നീറ്റ് ചോർച്ച: അന്വേഷണം വഴിതിരിച്ചത് കേരളത്തിലെ വിദ്യാർഥി

നീറ്റ് ചോദ്യ പേപ്പർ ചോർച്ചയെക്കുറിച്ചുള്ള വിവരങ്ങൾ ആദ്യം പുറത്തുവരുന്നത് കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സ്വദേശിയായ എംബിബിഎസ് വിദ്യാർഥി തന്‍റെ അച്ഛനു നൽകിയ സൂചനയോടെ.
Kerala MBBS student behind NEET leak revelation

ചോരുന്ന ചോദ്യപേപ്പറുകൾ, തകരുന്ന വിശ്വാസ്യത.

Representative image

Updated on

ജയ്പുർ: രാജ്യത്തെ ഞെട്ടിച്ച നീറ്റ് (NEET-UG 2026) ചോദ്യപേപ്പർ ചോർച്ചയ്ക്കു പിന്നിലെ കൂടുതൽ വിവരങ്ങൾ പുറത്തുവരുമ്പോൾ നിർണായകമാകുന്നത് ഒരു ഹോസ്റ്റൽ ഉടമയുടെയും മകന്‍റെയും ഇടപെടലുകൾ. കേരളത്തിൽ പഠിക്കുന്ന രാജസ്ഥാൻ സിക്കർ സ്വദേശിയായ എംബിബിഎസ് വിദ്യാർഥിയാണ് ചോർച്ചയെക്കുറിച്ചുള്ള ആദ്യ സൂചനകൾ തന്‍റെ അച്ഛനു നൽകിയത്.

കേരളത്തിൽ പഠിക്കുന്ന വിദ്യാർഥി മേയ് രണ്ടിന് രാത്രി 11 മണിയോടെ തന്‍റെ പിതാവിന് ഒരു 'ഗസ് പേപ്പർ' (Guess Paper) പിഡിഎഫ് രൂപത്തിൽ അയച്ചു കൊടുത്തു. സിക്കറിൽ കോച്ചിങ് വിദ്യാർഥികൾക്കായി ഹോസ്റ്റൽ നടത്തുന്നയാളാണ് ഇദ്ദേഹം.

Kerala MBBS student behind NEET leak revelation
നീറ്റ് ചോദ്യപേപ്പർ വിറ്റത് 25 ലക്ഷം രൂപയ്ക്ക്!

പരീക്ഷയ്ക്ക് ശേഷം ഹോസ്റ്റൽ ഉടമ ഈ പേപ്പർ ഒരു കെമിസ്ട്രി അധ്യാപകന് നൽകി. അദ്ദേഹം നടത്തിയ പരിശോധനയിൽ 108 ചോദ്യങ്ങളിൽ 45 എണ്ണം യഥാർഥ ചോദ്യപേപ്പറിനു സമാനമാണെന്നു കണ്ടെത്തി. തുടർന്ന് ബയോളജി അധ്യാപകൻ നടത്തിയ പരിശോധനയിൽ 204 ചോദ്യങ്ങളിൽ 90 എണ്ണം സമാനമാണെന്നും തെളിഞ്ഞു. ഇങ്ങനെ ആകെ 135 ചോദ്യങ്ങളാണ് ചോർന്നത്.

ചോർച്ചയുടെ തെളിവുകളുമായി സിക്കർ പൊലീസിനെ സമീപിച്ച ഹോസ്റ്റൽ ഉടമയ്ക്കും അധ്യാപകനും നിരാശയായിരുന്നു ഫലം. പരീക്ഷയ്ക്കു മുൻപ് എന്തുകൊണ്ട് പരാതി നൽകിയില്ല എന്നു ചോദിച്ച പൊലീസ്, പരീക്ഷാ ഫലം അട്ടിമറിക്കാനാണ് ഇവരുടെ ശ്രമമെന്ന് ആരോപിച്ച് അന്വേഷിക്കാൻ വിസമ്മതിച്ചു. തുടർന്ന് ഇവർ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (NTA) ഇമെയിൽ അയച്ചതോടെയാണ് കാര്യങ്ങൾ ഗൗരവകരമായത്.

രാജസ്ഥാൻ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പ് (SOG) നടത്തിയ അന്വേഷണത്തിൽ ഹോസ്റ്റൽ ഉടമയുടെ മൊഴി സത്യമാണെന്ന് ബോധ്യപ്പെട്ടു. ജയ്പുരിന്‍റെ പ്രാന്തപ്രദേശത്തുള്ള രണ്ട് സഹോദരങ്ങൾ വഴിയാണ് സിക്കറിലേക്ക് ചോദ്യപേപ്പർ എത്തിയത്. ഇവരെ ചോദ്യം ചെയ്തപ്പോൾ ഹരിയാനയിലെ ബിഎഎംഎസ് (BAMS) വിദ്യാർഥിയാണ് പേപ്പർ നൽകിയതെന്നും വ്യക്തമായി.

ഹരിയാന, ബിഹാർ, ജമ്മു കശ്മീർ, ആന്ധ്ര പ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലെ വിദ്യാർഥികൾക്ക് ഇയാൾ ചോദ്യപേപ്പർ വിറ്റതായാണ് വിവരം. മഹാരാഷ്ട്രയിലെ നാസിക്കിൽ നിന്നാണ് ചോദ്യപേപ്പർ ഇവർക്ക് ലഭിച്ചത്.

ചോർച്ചയുടെ വ്യാപ്തി കണക്കിലെടുത്ത് എൻടിഎ നീറ്റ് പരീക്ഷ റദ്ദാക്കിയിരുന്നു. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. വിദ്യാർഥികൾ വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതില്ലെന്നും അധിക ഫീസ് അടയ്ക്കേണ്ടതില്ലെന്നും എൻടിഎ വ്യക്തമാക്കി. നിലവിൽ കേസ് സിബിഐ ഏറ്റെടുത്ത് അന്വേഷിച്ചു വരികയാണ്. സുരക്ഷാ കാരണങ്ങളാൽ ഹോസ്റ്റൽ ഉടമയുടെയോ മകന്‍റെയോ പേരുവിവരങ്ങൾ പുറത്തുവിടാൻ എസ്ഒജി തയാറായിട്ടില്ല.

logo
Metro Vaartha
www.metrovaartha.com