നീറ്റ് ചോദ്യപേപ്പർ വിറ്റത് 25 ലക്ഷം രൂപയ്ക്ക്!

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച: ‘ഗസ് പേപ്പർ’ എന്ന വ്യാജേന 10 മുതൽ 25 ലക്ഷം വരെ ഈടാക്കി മാഫിയ ശൃംഖല കേരളത്തിൽ അടക്കം വിദ്യാർത്ഥികൾക്ക് ചോദ്യങ്ങൾ വിറ്റു
NEET questions sold at Rs 10-25 lakhs

ലക്ഷക്കണക്കിന് വിദ്യാർഥികളെ പ്രതിസന്ധിയിലാക്കിയ ചോദ്യപേപ്പർ ചോർച്ച.

Representative image

Updated on

ജയ്പുർ: നീറ്റ് (NEET-UG 2026) ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐ ഏറ്റെടുത്തു. രാജസ്ഥാൻ പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിൽ (SOG) നിന്നാണ് കേന്ദ്ര ഏജൻസി കേസ് ഏറ്റെടുത്തത്. 'ഗസ് പേപ്പർ' എന്ന വ്യാജേനയാണ് മാഫിയ സംഘം ചോദ്യപേപ്പർ വിറ്റഴിച്ചത്.

മേയ് 3-ന് നടത്തിയ പരീക്ഷയിലെ 90 ബയോളജി ചോദ്യങ്ങളും 45 കെമിസ്ട്രി ചോദ്യങ്ങളും അടങ്ങിയ പേപ്പർ 10 ലക്ഷം മുതൽ 25 ലക്ഷം രൂപ വരെ ഈടാക്കിയാണ് വിദ്യാർഥികൾക്കു നൽകിയതെന്നും പ്രാഥമിക സൂചന. രാജസ്ഥാൻ, ഹരിയാന, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, കേരളം എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് ഈ ശൃംഖല പ്രവർത്തിച്ചിരുന്നത്.

കേസുമായി ബന്ധപ്പെട്ട്, നാസിക്കിൽ നിന്ന് 27 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സെഹോറിലെ ആയുർവേദ മെഡിക്കൽ വിദ്യാർഥിയായ ഇയാൾ നാസിക്കിൽ കരിയർ കൗൺസിലറായി പാർട്ട് ടൈം ജോലി ചെയ്യുകയായിരുന്നു. ചോദ്യപേപ്പർ കൈമാറുന്നതിൽ ഇയാൾക്ക് വലിയ പങ്കുണ്ടെന്ന് കരുതുന്നു.

ഹരിയാന സ്വദേശിയായ ഒരാളിൽ നിന്നാണ് ചോദ്യപേപ്പർ ചോർന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. രാജസ്ഥാനിലെ സിക്കർ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന രാകേഷ് മന്ദവാരിയ എന്നയാളെയും സിബിഐ ചോദ്യം ചെയ്തു. ഇയാൾ തന്‍റെ ഇടപാടുകാർക്ക് നൽകിയ 120-ഓളം ചോദ്യങ്ങൾ പരീക്ഷയിൽ വന്നതായി അവകാശപ്പെട്ടിരുന്നു.

NEET questions sold at Rs 10-25 lakhs
നീറ്റ് ചോർച്ച: അന്വേഷണം വഴിതിരിച്ചത് കേരളത്തിലെ വിദ്യാർഥി

സിക്കറിൽ നിന്നുള്ള ഒരു പൗരൻ മേയ് 7-ന് തന്നെ ചോദ്യപേപ്പർ ചോർച്ചയെക്കുറിച്ച് പ്രാദേശിക അധികൃതർക്ക് വിവരം നൽകിയിരുന്നു. എന്നാൽ, ഈ പരാതി ആദ്യം അവഗണിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. തുടർന്ന് ഇയാൾ നാഷണൽ ടെസ്റ്റിങ് ഏജൻസിക്ക് (NTA) ഇമെയിൽ അയച്ചതോടെയാണ് ഗൗരവകരമായ അന്വേഷണം തുടങ്ങിയത്. 400 ചോദ്യങ്ങൾ അടങ്ങിയ ഒരു 'ഗസ് പേപ്പറിനുള്ളിൽ' ഒളിപ്പിച്ച നിലയിലാണ് യഥാർഥ ചോദ്യങ്ങൾ കൈമാറിയത്.

സംഭവത്തിൽ ഇതുവരെ 150 വിദ്യാർഥികളെയും 70 മറ്റ് വ്യക്തികളെയും എസ്ഒജി ചോദ്യം ചെയ്തിട്ടുണ്ട്. കുറച്ച് പേർക്ക് മാത്രം നൽകാൻ ഉദ്ദേശിച്ച ചോദ്യപേപ്പർ പിന്നീട് പണത്തോടുള്ള അത്യാഗ്രഹം കാരണം വ്യാപകമായി പ്രചരിക്കുകയായിരുന്നു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com