കൂടത്തായി കേസ്: ജോളിയെ കുറ്റവിമുക്ത‍യാക്കില്ല, ഹർജി തള്ളി സുപ്രീം കോടതി

കേസില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തയാക്കണമെന്നും വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ജോളി ആവശ്യപ്പെട്ടിരുന്നു
ജോളി
ജോളി

ന്യൂഡല്‍ഹി: കൂടത്തായി കൊലപാതക കേസില്‍ നിന്ന് കുറ്റവിമുക്തയാക്കാണമെന്ന ജോളിയുടെ ഹര്‍ജി തള്ളി സുപ്രീംകോടതി. കൂടത്തായി കേസ് കേരളത്തിലെ പ്രമാദമായ കേസാണെന്ന് നിരീക്ഷിച്ച കോടതി ജോളിയെ കുറ്റവിമുക്തയാക്കാന്‍ കഴിയില്ലെന്ന് ഉത്തരവിട്ടു. താന്‍ രണ്ടര വര്‍ഷമായി ജയിലില്‍ ആണെന്ന് ജോളി ഹര്‍ജിയില്‍ പറഞ്ഞു. ഇതേതുടര്‍ന്ന് ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ കോടതി അനുവാദം നല്‍കി. കേസില്‍ തെളിവുകള്‍ ഇല്ലാത്തതിനാല്‍ തന്നെ കുറ്റവിമുക്തയാക്കണമെന്നും വിചാരണ നിര്‍ത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എം.എം സുരേഷ്, എസ്.വി.എന്‍ ഭാട്ടി എന്നിവരടങ്ങുന്ന ബെഞ്ചാണ് ഉത്തരവിട്ടത്.

2002 മുതല്‍ 2016 വരെയുള്ള കാലയളവില്‍ ഒരു വയസുള്ള കുഞ്ഞ് അടക്കം ഒരു കുടുംബത്തിലെ ആറ് പേരെ ജോളി ജോസഫ് കൊലപ്പെടുത്തിയെന്നതാണ്‌ കേസ്. 2002ല്‍ ഭര്‍തൃമാതാവ് അന്നമ്മ തോമസിന്‍റെ മരണമാണ് കൊലപാതക പരമ്പരയില്‍ ആദ്യത്തേത്. ആട്ടിന്‍സൂപ്പ് കഴിച്ച ശേഷം കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു അന്നമ്മ. പിന്നീട് ഭർതൃ പിതാവ് ടോം തോമസ്‌, ഭര്‍ത്താവ് റോയ് തോമസ്‌, എന്നിവര്‍ സമാന സാഹചര്യത്തില്‍ മരണപ്പെട്ടു. ടോം തോമസിന്‍റെ മരണത്തില്‍ സംശയം പ്രകടിപ്പിച്ച ബന്ധുവായ എം.എം മാത്യു, ടോം തോമസിന്‍റെ സഹോദരന്‍റെ മകൻ ഷാജുവിന്‍റെ ഒരു വയസ്സുള്ള മകൾ ആൽഫൈൻ, ഷാജുവിന്‍റെ ഭാര്യ ഫിലി എന്നിവരും ദുരൂഹസാഹചര്യത്തില്‍ മരണപ്പെട്ടു.

കുടുംബത്തിലെ മരണങ്ങളില്‍ അസ്വഭാവികത തോന്നിയ ടോം തോമസിന്‍റെ സഹോദരി രഞ്ജി തോമസിന്‍റെ പരാതിയെത്തുടര്‍ന്നാണ് കേസ് ജോളിയിലേക്ക് തിരിഞ്ഞത്.

ആറു മരണങ്ങളിലും ദുരൂഹതയുണ്ടെന്നും കൊലപാതക സാധ്യത ഉണ്ടെന്നുമായിരുന്നു സ്പെഷൽ ബ്രാഞ്ച് സബ് ഇൻസ്പെക്ടർ ജീവൻ ജോർജിന്‍റെ റിപ്പോര്‍ട്ട്‌. ആറു മരണങ്ങളും കൊലപാതകമാണെന്ന് പൊലിസ് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com