
പി.പി. രാജേഷ്
കണ്ണൂർ: വീട്ടിൽ കയറി മാല പൊട്ടിച്ച കേസിൽ സിപിഎം കൗൺസിലർ പി.പി. രാജേഷ് പിടിയിൽ. കണ്ണൂർ കൂത്തുപറമ്പ് നഗരസഭയിലെ നാലാംവാർഡ് മെമ്പറാണ് രാജേഷ്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കണിയാർക്കുന്നിൽ കുന്നുമ്മൽ ഹൗസിൽ പി.ജാനകി (77) തന്‍റെ ഒരുപവനിലധികം തൂക്കമുള്ള മാല അഞ്ജാതൻ പൊട്ടിച്ചുവെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയത്. ജാനകി വീടിനു പുറത്തിരുന്ന് മീൻ മുറിക്കുന്നതിനിടെ പുറകിലൂടെ എത്തിയയാൾ മാല പൊട്ടിച്ച് വീടിനകത്തു കൂടെ ഓടിരക്ഷപെടുകയായിരുന്നു.
ഉച്ചക്ക് 12 മണിയോടെയായിരുന്നു സംഭവം. ഹെൽമെറ്റ് ധരിച്ചയാളാണ് മാല മോഷ്ടിച്ചതെന്നും കാഴ്ച കുറവുള്ളതിനാൽ വ്യക്തമായി കാണാൻ കഴിഞ്ഞില്ലെന്നും ജാനകി പരാതിയിൽ വ്യക്തമാക്കിയിട്ടുണ്ട്. ജാനകി ബഹളം വച്ചതോടെ അയൽവാസികൾ ഓടിയെത്തിയെങ്കിലും അപ്പോഴേക്കും മോഷ്ടാവ് രക്ഷപെട്ടിരുന്നു.
സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി നഗരസഭാ കൗൺസിലറാണെന്ന് വ്യക്തമായത്. കൂത്തുപറമ്പ് നോർത്ത് ലോക്കൽ കമ്മിറ്റി അംഗമായിരകുന്നു. രാജേഷിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയതായി സിപിഎം വ്യക്തമാക്കി.