

കൊല്ലപ്പെട്ട ദമൻപ്രീത് കൗർ(23)
എഡ്മണ്ടൺ: ക്യാനഡയിൽ പഞ്ചാബ് സ്വദേശിനിയെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ട സംഭവത്തിൽ പങ്കാളിക്കെതിരേ കൊലക്കുറ്റം ചുമത്തി. ക്യാനഡയിലെ ആൽബർട്ട പ്രവിശ്യയിലെ എഡ്മണ്ടണിൽ താമസിച്ചിരുന്ന പഞ്ചാബ് സ്വദേശിനിയായ ഇരുപത്തിമൂന്നു കാരി ദമൻപ്രീത് കൗറിനെയാണ് കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ നിലയിൽ കണ്ടെത്തിയത്. ഈ കേസിൽ ഇന്ത്യൻ വംശജനായ പങ്കാളി ഇരുപത്തിരണ്ടുകാരനായ ഋതീഷ് കുമാറിനെതിരേ സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തിയതായി എഡ്മണ്ടൺ പൊലീസ് അറിയിച്ചു.
പഞ്ചാബിലെ ലുധിയാന ജില്ലയിലെ സമ്രാല സ്വദേശിനിയായ ദമൻപ്രീത് കൗറിനെ ജൂലൈ ഒൻപതിന് വൈകിട്ട് ഗുരുതര പരിക്കുകളോടെ എഡ്മണ്ടണിലെ സിൽവർബെറി പ്രദേശത്തെ വസതിയിൽ നിന്ന് കണ്ടെത്തുകയായിരുന്നു. പൊലീസിന് ലഭിച്ച അടിയന്തര സന്ദേശത്തെ തുടർന്ന് സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ സംശയാസ്പദമായ സാഹചര്യത്തിൽ പരിക്കേറ്റ യുവതിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിൽ ഇരിക്കെ ജൂലൈ 12ന് മരണം സംഭവിക്കുകയായിരുന്നു.
സംഭവത്തിനു പിന്നാലെ വീട്ടിലുണ്ടായിരുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിന്‍റെ ഭാഗമായി മരണകാരണം ആദ്യം പുറത്തു വിട്ടിരുന്നില്ല. എന്നാൽ ജൂലൈ 23നു പുറത്തു വിട്ട അന്വേഷണ വിവരത്തിൽ ദമൻപ്രീത് കൗറിന്‍റെ മരണം കഴുത്തു ഞെരിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. തുടർന്ന് ജൂലൈ ഇരുപത്തിരണ്ടിന് ഋതീഷ് കുമാറിനെ അറസ്റ്റു ചെയ്ത് സെക്കൻഡ് ഡിഗ്രി കൊലപാതക കുറ്റം ചുമത്തുകയായിരുന്നു.
ദമൻ പ്രീത് കൗറിന്‍റെ മൃതദേഹം ഇന്ത്യയിലെ കുടുംബാംഗങ്ങൾക്ക് കൈമാറി സ്വദേശത്ത് സംസ്കരിക്കുന്നതിനായി ഓൺലൈൻ ധനശേഖരണ ക്യാംപയിനും ആരംഭിച്ചിട്ടുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനും അനുബന്ധ രേഖാ നടപടികൾക്കും സംസ്കാരച്ചെലവുകൾക്കും ആവശ്യമായ തുക കണ്ടെത്താനാണ് ഈ സംരംഭം. ലക്ഷ്യമിട്ട തുകയിൽ ഭൂരിഭാഗവും ഇതിനകം സമാഹരിച്ചതായും സംഘാടകർ അറിയിച്ചു.