
അമീന, അബ്ദുറഹിമാൻ
മലപ്പുറം: കുറ്റിപ്പുറത്തെ സ്വകാര‍്യ ആശുപത്രിയിൽ നഴ്സായ കോതമംഗലം സ്വദേശിനി അമീന ജീവനൊടുക്കാൻ കാരണം മുൻ മാനെജർ അബ്ദുറഹിമാന്‍റെ മാനസിക പീഡനമെന്ന് അന്വേഷണ സംഘം. അമീന രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചിട്ടും ജോലിയിൽ തുടരാൻ നിർബന്ധിച്ചതായാണ് പൊലീസിന്‍റെ കണ്ടെത്തൽ.
കഴിഞ്ഞ ഡിസംബറിലായിരുന്നു അമീന രാജി വയ്ക്കാൻ സന്നദ്ധത അറിയിച്ചത്. എന്നാൽ, ആശുപത്രിയിൽ മതിയായ ജീവനക്കാരില്ലെന്നു പറഞ്ഞ് അബ്ദുറഹിമാൻ അമീനയോട് ജോലിയിൽ തുടരാൻ നിർബന്ധിക്കുകയായിരുന്നു.
തുടർന്ന് ഈ വർഷം ജൂണിൽ അമീന വീണ്ടും രാജി നൽകിയെങ്കിലും എക്സ്പീരിയൻസ് സർട്ടിഫിക്കറ്റ് നൽകാൻ അബ്ദുറഹിമാൻ തയാറായില്ല. അമീനയെ അറിയാത്ത ജോലി ചെയ്യാൻ അബ്ദു റഹിമാൻ നിർബന്ധിച്ചതായും പൊലീസ് പറയുന്നു.
അമീന ആത്മഹത‍്യ ചെയ്ത ദിവസം ഡ‍്യൂട്ടി കഴിഞ്ഞ ശേഷം തന്‍റെ ക‍്യാബിനിൽ വിളിച്ചു വരുത്തി അബ്ദു റഹിമാൻ അധിക്ഷേപിച്ചതായും, ഇതെത്തുടർന്നുള്ള മനോവിഷമം മൂലമാണ് അമീന ജീവനൊടുക്കിയതെന്നുമാണ് പൊലീസിന്‍റെ കണ്ടെത്തൽ.
അബ്ദുറഹിമാനെ കഴിഞ്ഞ ദിവസം തന്നെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ജൂലൈ 12നായിരുന്നു അമീനയെ താമസസ്ഥലത്ത് അബോധാവസ്ഥയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.