കോഡ് ഭാഷയിൽ വിദഗ്ധ, സമൂഹമാധ്യമങ്ങളിൽ സജീവം; ഭർത്താവിന്‍റെ കള്ളക്കടത്ത് സാമ്രാജ്യം ഭരിച്ചിരുന്ന 'ലേഡി ഡോൺ' അറസ്റ്റിൽ

ഒരു കോടി വില വരുന്ന 270 ഗ്രാം ഹെറോയിനുമായി ഡൽഹി പൊലീസാണ് സോയയെ പിടി കൂടിയത്
Lady don aka Zoya khan arrested  one crore worth illegal heroine seized, lady don life story
സോയ ഖാൻ
Updated on

ന്യൂഡൽഹി: ഭർത്താവിന്‍റെ പകരക്കാരിയായി മയക്കു മരുന്ന് കള്ളക്കടത്ത് സാമ്രാജ്യം ഭരിച്ചിരുന്ന ലേഡി ഡോൺ എന്ന സോയ ഖാൻ അറസ്റ്റിൽ. ഒരു കോടി വില വരുന്ന 270 ഗ്രാം ഹെറോയിനുമായി ഡൽഹി പൊലീസാണ് സോയയെ പിടി കൂടിയത്. ഹാഷിം ബാബ എന്ന കുപ്രസിദ്ധനായ ഗാങ്സ്റ്ററുടെ ഭാര്യയാണ് 33 കാരിയായ സോയ. ഹാഷിം ബാബ ജയിലിലായതോടെയാണ് സോയ മയക്കു മരുന്ന് സാമ്രാജ്യത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തത്. അതീവ രഹസ്യമായിരുന്നു സോയയുടെ ഇടപാടുകളെല്ലാം. അതു കൊണ്ടു തന്നെ വർഷങ്ങളോളമായി പൊലീസിന്‍റെ വലയിൽ പെടാതെ സോയ അതീവ വിദഗ്ധമായി മുന്നേറി.

ഒടുവിൽ തെളിവോടെ തന്നെ സോയയെ പിടി കൂടിയിരിക്കുകയാണ് പൊലീസ്. ഉത്തർപ്രദേശിലെ മുസാഫർ നഗറിൽ നിന്ന് ഡൽഹിയിൽ വിതരണത്തിനെത്തിച്ച ഹെറോയിനാണ് സോയയുടെ കൈവശം ഉണ്ടായിരുന്നതെന്നാണ് കരുതുന്നത്. മയക്കു മരുന്ന് ഇടപാടുകൾക്കു പുറമേ നാദിർ ഷാ കൊലക്കേസിലെ പ്രതിയ്ക്ക് സോയ അഭയം കൊടുത്തിരുന്നതായും പൊലീസ് സംശയിക്കുന്നുണ്ട്. അന്വേഷണം തുടരുകയാണ്.

ഹാഷിമിന്‍റെ മൂന്നാമത്തെ ഭാര്യ

വടക്കു കിഴക്കൻ ഡൽഹിയിലെ താമസക്കാരാണ് ഹാഷിമും സോയയും. ഇരുവരും അയൽക്കാരുമാണ്. സോയ വിവാഹമോചിതയായതിനു ശേഷമാണ് ഹാഷിമുമായി അടുപ്പത്തിലായത്. 2017ലായിരുന്നു ഇരുവരുടെയും വിവാഹം. ഹാഷിമിന്‍റെ മൂന്നാമത്തെ ഭാര്യയാണ് സോയ. ആയുധക്കള്ളക്കടത്ത്, മയക്കു മരുന്ന് കടത്തൽ, കൊലപാതകം തുടങ്ങി നിരവധി കേസുകളാണ് ഹാഷിം ബാബയ്ക്കെതിരേ ഉള്ളത്. തെക്കൻ ഡൽഹിയിലെ ഗ്രേറ്റർ കൈലാഷിൽ ഒരു ജിം ഉടമസ്ഥനെ കൊലപ്പെടുത്തിയ കേസിൽ കഴിഞ്ഞ വർഷമാണ് ഹാഷിം അറസ്റ്റിലായത്.

ദാവൂദ് ഇബ്രാഹിമിന്‍റെ സാമ്രാജ്യം ദാവൂദിന്‍റെ സഹോദരി ഹസീന പാർക്കർ നിയന്ത്രിച്ചിരുന്നത് എങ്ങനെയാണോ അതേ വിധത്തിൽ തന്നെയായിരുന്നു സോയ ഭർത്താവിന്‍റെ മയക്കു മരുന്നു സാമ്രാജ്യത്തെയും നിയന്ത്രിച്ചിരുന്നത്. കള്ളക്കടത്തിലും മയക്കു മരുന്നു വ്യാപാരത്തിലുമെല്ലാം സോയയുടെ നിയന്ത്രണത്തിലായിരുന്നുവെന്ന് ഡൽഹി പൊലീസ് സ്പെഷ്യൽ സെല്ലിന് വിവരം ലഭിച്ചിരുന്നു. എന്നാൽ സോയയിലേക്ക് നേരിട്ട് നയിക്കുന്ന തെളിവുകളൊന്നും ഇല്ലാതിരുന്നതിനാൽ പൊലീസ് നിരായുധരായി.

സാധാരണ കള്ളക്കടത്തുകാരെ പോലെയല്ലായിരുന്നു സോയ. ഹൈ പ്രൊഫൈൽ പാർട്ടികളിൽ സോയ സജീവമായി പങ്കെടുക്കാറുണ്ട്. അതു മാത്രമല്ല ആഡംബര വസ്ത്രങ്ങൾ ധരിക്കാനും ബ്രാൻഡഡ് വസ്തുക്കൾ ഉപയോഗിക്കാനും ശ്രദ്ധ പുലർത്തിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ ആയിരക്കണക്കിന് പേരാണ് സോയയെ പിന്തുടരുന്നത്.

തിഹാർ ജയിലിൽ ശിക്ഷ അനുഭവിക്കുന്ന ഹാഷിമിനെ ഇടയ്ക്കിടെ സന്ദർശിക്കുന്നതും സോയയുടെ ശീലമായിരുന്നു. ഹാഷിം പഠിപ്പിച്ച രഹസ്യ കോഡ് ഭാഷയിൽ അതീവ നിപുണയായിരുന്നു സോയ. അനധികൃത വിപണനത്തിൽ ആവശ്യമായ നുറുങ്ങു വിദ്യകളും ഉപദേശങ്ങളും ഗാങ്ങിന്‍റെ സാമ്പത്തിക ഇടപാടുകൾ നിയന്ത്രിക്കുന്നത് എങ്ങനെയെന്നുമെല്ലാമുള്ള പരിശീലനം ഹാഷിം തന്നെയാണ് സോയക്കു നൽകിയത്. ഹാഷിമിന്‍റെ ഉപദേശങ്ങൾക്കനുസരിച്ച് സോയ കൃത്യമായി മുന്നോട്ടു പോയി. കള്ളക്കടത്തുമായി ബന്ധപ്പെട്ട് ഹാഷിമുമായി സഹകരിച്ചിരുന്നവരുമായി സോയ കൃത്യമായി അടുപ്പം സൂക്ഷിച്ചു. അതിനൊപ്പം തന്നെ ജയിൽവാസം അനുഭവിക്കുന്നവരടക്കമുള്ള കുറ്റവാളികളുമായും അടുപ്പം സൂക്ഷിച്ചു.

കുറ്റവാളികളുടെ കുടുംബം

സോയയുടെ കുടുംബം മുഴുവൻ കുറ്റവാളികളാണെന്നു തന്നെ പറയാം. ലൈംഗിക വൃത്തിയ്ക്കായി പെൺകുട്ടികളെ കടത്തിയ കേസിൽ 2024 ൽ സോയയുടെ അമ്മ അറസ്റ്റിലായി. നിലവിൽ അവർ ജാമ്യത്തിലിറങ്ങിയിരിക്കുന്നത്. പിതാവ് മയക്കു മരുന്നു കള്ളക്കടത്ത് സംഘത്തിലെ കണ്ണിയാണ്. വടക്കു കിഴക്കൻ ഡൽഹിയിൽ വിവിധയിടങ്ങളിൽ ഇരുന്നാണ് സോയ കള്ളക്കടത്തിനെ നിയന്ത്രിച്ചിരുന്നത്. ഭർത്താവിന്‍റെ വിശ്വസ്തരായ അഞ്ച് ആയുധധാരികൾ എപ്പോഴും സോയയ്ക്കൊപ്പമുണ്ടായിരിക്കും.

ഗാങ്സ്റ്റർമാർ അറസ്റ്റിലാകുമ്പോൾ അവരുടെ പങ്കാളികൾ ഇടപാടുകളുമായി മുന്നോട്ടു പോകുന്നത് ഇതാദ്യത്തെ സംഭവമല്ല. ആദ്യം ലേഡി ഡോൺ എന്നറിയപ്പെട്ടിരുന്നത് കാല ജാത്തേദിയുടെ ഭാര്യ അനുരാധയായിന്നു. കുറ്റകൃത്യങ്ങളിൽ പങ്കാളിയാണെന്ന് കണ്ടെത്തിയതോടെ അനുരാധ അറസ്റ്റിലായി. ഒരു വർഷം മുൻപ് കുശാൽ ചൗധരിയുടെ ഭാര്യയെയും സമാന സാഹചര്യത്തിൽ അറസ്റ്റ് ചെയ്തിരുന്നു.

വടക്കു കിഴക്കൻ ഡൽഹി ഗാങ്സ്റ്റർമാരുടെ താവളമാണ്. ലക്കി പട്യാൽ- ആർഷ്ദീപ് ദല്ല ഗാങ്ങിലായിരുന്നു ആദ്യം ഹാഷിം ബാബ സജീവമായിരുന്നത്. പിന്നീട് സ്വന്തമായി ഗാങ് ഉണ്ടാക്കി. ഹാഷിം ബാബ ഗാങ്ങിനു പുറമേ ഛേനു ഗാങ്, നസീർ‌ പെഹൽവാൻ ഗാങ് എന്നിവരും മേഖലയിൽ സജീവമാണ്. മയക്കു മരുന്ന് കള്ളക്കടത്താണ് ഇവരുടെയെല്ലാം പ്രധാന കച്ചവടം. ഈ സംഘങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾ കൊലപാതകങ്ങളിലാണ് കലാശിക്കാറുള്ളത്. ബാബാ ഗാങ്ങ് മയക്കു മരുന്നു കടത്തിലൂടെ വലിയ വരുമാനം നേടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ബിഷ്ണോയ് ഗാങ്ങുമായും ബന്ധം

ലോറൻസ് ബിഷ്ണോയ് ഗാങ്ങുമായി അടുത്ത ബന്ധമുണ്ട് ഹാഷിമിന് എന്നാണ് റിപ്പോർട്ടുകൾ. 2021ൽ ബിഷ്ണോയ് ജയിലിൽ എത്തിയ സമയത്താണ് ഇരുവരും തമ്മിൽ പരിചയപ്പെട്ടത്. അതിനു ശേഷം ഇരുവരെയും വ്യത്യസ്ത ജയിലുകളിൽ ആണ് പാർപ്പിച്ചിരിക്കുന്നതെങ്കിലും ഇരുവരും തമ്മിലുള്ള ബന്ധം മുറിയാതെ മുന്നോട്ടു പോകുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com