ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളി ഫ്രാന്‍സില്‍ അറസ്റ്റില്‍; പിടിയിലായത് കൊമേഡിയന്‍ കപില്‍ ശര്‍മയുടെ കഫേയ്ക്ക് നേരെയുണ്ടായ വെടിവെപ്പിലെ പ്രതി

ഇയാളെ കാനഡയിലേക്ക് എത്തിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു
Garinder Dev, Lawrence Bishnoi

ഗരീന്ദർ ദേവ്, ലോറൻസ് ബിഷ്ണോയി

Updated on

ന്യൂഡൽഹി: കുപ്രസിദ്ധ ഗുണ്ടാനേതാവായ ലോറൻസ് ബിഷ്ണോയിയുടെ സംഘത്തിൽപ്പെട്ട ആളെ ഫ്രാൻസിൽ നിന്ന് അറസ്റ്റു ചെയ്തു. ഗരീന്ദർ ദേവ് (40) ആണ് അറസ്റ്റിലായത്. ബോളിവുഡ് കൊമേഡിയനായ കപിൽ ശർമയുടെ കാനഡയിലുള്ള കഫേയ്ക്ക് നേരെയുണ്ടായ വെടിവെപ്പ് കേസിലെ പ്രതിയാണ് ഇയാൾ. ഇയാളെ കാനഡയിലേക്ക് എത്തിക്കാനുള്ള നടപടികൾ അധികൃതർ ആരംഭിച്ചു.

യുഎസ് നീതിന്യായ വകുപ്പിന്‍റെ റെക്കോഡുകൾ പ്രകാരം ഡോക്‌റ്റർ, റോക്കറ്റ്, റിറ്റ്സ് കാൾട്ടൺ എന്നീ പേരുകളിലാണ് ഗരീന്ദർ യാദവ് അറിയപ്പെട്ടിരുന്നത്. ലോറൻസ് ബിഷ്ണോയി സംഘത്തെ ഇയാൾ സാമ്പത്തികമായി സഹായിച്ചിരുന്നു. കൂടാതെ മയക്കുമരുന്നായ കൊക്കൊയ്നും ഹെറോയ്നും വൻതോതിൽ‌ കാലിഫോർണിയയിൽ നിന്ന് യുഎസിന്‍റെ കിഴക്കൻ മേഖലയിലേക്ക് കപ്പൽ മാർഗം കടത്താനും ഇയാൾ സഹായം ചെയ്തിരുന്നു. 2025 ജൂണിൽ ഇത്തരത്തിൽ അയച്ച 99 കിലോഗ്രാം കൊക്കെയ്നും ഒരു കിലോഗ്രാം ഹെറോയ്നും യുഎസ് അധികൃതർ പിടിച്ചെടുത്തിരുന്നു.

അതേസമയം ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട മറ്റൊരാളെ നാടു കടത്താൻ കാനഡ ഉത്തരവിട്ടു. കപിൽ ശർമയുടെ കഫേയ്ക്ക് നേരെ വെടിവെപ്പ് നടത്താൻ ഉപയോഗിച്ച തോക്ക് ഒളിപ്പിച്ചു വയ്ക്കാൻ സഹായിച്ച ജഷൻദീപ് സിങ്ങിനെയാണ് നാടുകടത്താൻ കാനഡ ഇമിഗ്രേഷൻ ആൻഡ് റെഫ്യൂജി ട്രിബ്യൂണൽ ഉത്തരവിട്ടത്. അതേസമയം ഇയാൾക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല. 2022ൽ സ്റ്റുഡൻഡ് വിസയിലാണ് ഇയാൾ കാനഡയിൽ എത്തിയത്. മുൻപ് ലോറൻസ് ബിഷ്ണോയി സംഘത്തിൽപ്പെട്ട അർഷ്ദീപ് സിങ് എന്നയാളെയും കാനഡ നാടു കടത്തിയിരുന്നു.

logo
Metro Vaartha
www.metrovaartha.com