
എറിൻ പാറ്റേഴ്സൺ
മെൽബൺ: വിഷക്കൂൺ നൽകി ഭർത്താവിന്‍റെ ബന്ധുക്കളായ മൂന്നു പേരെ കൊന്ന കേസിൽ എറിൻ പാറ്റേഴ്സൺ എന്ന സ്ത്രീക്ക് 33 വർഷം തടവു വിധിച്ച് ഓസ്ട്രേലിയൻ കോടതി. വിക്റ്റോറിയ സ്റ്റേറ്റ് സുപ്രീം കോടതിയിലെ ജസ്റ്റിസ് ക്രിസ്റ്റഫർ ബെയിൽ ആണ് വിധി പുറപ്പെടുവിച്ചത്. ജൂലൈയിലാണ് എറിൻ പാറ്റേഴ്സൺ കുറ്റക്കാരിയാണെന്ന് കോടതി കണ്ടെത്തിയത്. ഭർത്താവായിരുന്ന സൈമൺ പാറ്റേഴ്സണിന്‍റെ മാതാപിതാക്കളായ ഡോൺ, ഗെയിൽ പാറ്റേഴ്സൺ, ഭർത്താവിന്‍റെ അമ്മായി ഹീതർ വികിൻസൺ എന്നിവരാണ് കൊല്ലപ്പെട്ടത്. ഹീതറിന്‍റെ ഭർത്താവ് ഇയാൻ വിൽക്കിൻസണിനെ കൊല്ലാൻ ശ്രമിച്ചുവെന്ന കേസിലും എറിൻ പ്രതിയാണ്. എറിൻ ഭർത്താവ് സൈമണുമായി അകന്നു കഴിയുകയായിരുന്നു. 2023 ജൂലൈയിലാണ് എറിൻ സൈമണെയും അയാളുടെ ബന്ധുക്കളെയും ഉച്ച ഭക്ഷണത്തിനായി വീട്ടിലേക്ക് ക്ഷണിച്ചത്. തനിക്ക് ക്യാൻസർ സ്ഥിരീകരിച്ചുവെന്നും അതുകൊണ്ട് എല്ലാവരെയും ഒന്നിച്ചു കാണാൻ ആഗ്രഹമുണ്ടെന്നുമാണ് എറിൻ മറ്റുള്ളവരെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നത്. രോഗ വിവരം കുട്ടികളോട് പറയാൻ സഹായം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ സൈമൺ ക്ഷണം നിരസിച്ചു. കുട്ടികളെ എറിൻ ഉച്ചഭക്ഷണത്തിനായി ഒപ്പം കൂട്ടിയിരുന്നുമില്ല.
അതിഥികൾക്കെല്ലാം ചാര നിറമുള്ള പാത്രത്തിലും തനിക്ക് ഓറഞ്ച് നിറമുള്ള പാത്രത്തിലുമാണ് എറിൻ ഭക്ഷണം വിളമ്പിയിരുന്നത്. അബദ്ധത്തിൽ പാത്രം മാറി വിഷക്കൂൺ കഴിക്കാതിരിക്കാനായിരുന്നു ഈ തന്ത്രം. ബീഫ് വെല്ലിങ്ടൺ പേസ്ട്രിക്കു മേൽ വിഷക്കൂൺ വിതറിയാണ് എറിൻ ഭർത്താവിന്‍റെ ബന്ധുക്കൾക്ക് ഭക്ഷണം വിളമ്പിയത്.
വിവാഹത്താൽ നിങ്ങളുടെ ബന്ധുക്കളായവരെയാണ് നിങ്ങൾ കൊന്നത്. അവരെല്ലാം നിങ്ങളോടും നിങ്ങളുടെ കുട്ടികളോടും വർഷങ്ങളോളമായി നല്ല ബന്ധത്തിലായിരുന്നുവെന്ന് നിങ്ങളുടെ മൊഴിയിൽ നിന്ന് വ്യക്തമാണ്. ആ വിശ്വാസം മുതലെടുത്താണ് നിങ്ങൾ കൊല നടത്തിയതെന്നും ജസ്റ്റിസ് വിധി പ്രഖ്യാപിച്ചു കൊണ്ട് പറഞ്ഞു.