

ജ്വല്ലറിയുടെ ഭിത്തി തുരന്ന് വൻ കവർച്ച
കത്നി: മധ്യപ്രദേശിലെ കത്നി നഗരത്തിൽ ജ്വല്ലറിയുടെ ഭിത്തി തുരന്ന് മോഷ്ടാക്കൾ 10 കോടി രൂപയിലധികം വിലമതിക്കുന്ന സ്വർണ-വജ്രാഭരണങ്ങൾ കവർന്നു. വെള്ളിയാഴ്ചയാണ് പൊലീസ് ഇക്കാര്യം അറിയിച്ചത്.
ബർഗവാൻ മേഖലയിലെ കൃഷ്ണ ജ്വല്ലേഴ്സിലാണ് വ്യാഴാഴ്ച പുലർച്ചെ നാലിന് മോഷണം നടന്നത്. ഏകദേശം ഒരു മണിക്കൂറോളം ഷോറൂമിനുള്ളിൽ ചെലവഴിച്ച ശേഷമാണ് മോഷ്ടാക്കൾ ആഭരണങ്ങളുമായി കടന്നുകളഞ്ഞത്. ആറിലധികം പേർ കവർച്ചയിൽ പങ്കെടുത്തിട്ടുണ്ടെന്നാണ് പൊലീസിന്റെ നിഗമനം. മുഖംമൂടി ധരിച്ച ഒരാൾ ഉപകരണങ്ങളുമായി ഷോറൂമിനുള്ളിലേക്ക് കടക്കുന്നതും മറ്റൊരാൾ പുറത്തുനിന്ന് സഹായിക്കുന്നതിന്റെയും സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
സംഭവസ്ഥലത്ത് നിന്ന് 265 വിരലടയാളങ്ങൾ ശേഖരിച്ചതായി കത്നി പൊലീസ് സൂപ്രണ്ട് അഭിനയ് വിശ്വകർമ വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. സംഭവസ്ഥലത്തിന് സമീപത്തുനിന്ന് കണ്ടെടുത്ത ഗ്യാസ് സിലിണ്ടർ, ഗ്യാസ് കട്ടർ തുടങ്ങിയ ഉപകരണങ്ങൾ പ്രതികൾ എവിടെനിന്നാണ് സംഘടിപ്പിച്ചതെന്ന് അന്വേഷിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു. ചില പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവരെ നിരീക്ഷിച്ചുവരികയാണെന്നും പൊലീസ് അറിയിച്ചു.
ഷോറൂമിൽ നിന്ന് ഏകദേശം 300 മീറ്റർ അകലെയുള്ള ലാൽ പഹാഡി മേഖലയിൽ നിന്ന് ഗ്യാസ് കട്ടർ, വലിയ ഓക്സിജൻ സിലിണ്ടർ, ഗാർഹിക എൽപിജി സിലിണ്ടർ, ഒഴിഞ്ഞ വെള്ളക്കുപ്പികൾ, സ്ക്രൂഡ്രൈവറുകൾ, സ്പാനറുകൾ, വസ്ത്രങ്ങൾ എന്നിവ പൊലീസ് കണ്ടെടുത്തു.
ജൂണിൽ പ്രവർത്തനം ആരംഭിച്ച ഷോറൂമിൽ ദീപാവലിയോടനുബന്ധിച്ച് പതിവിലും കൂടുതൽ ആഭരണങ്ങൾ സ്റ്റോക്ക് ചെയ്തിരുന്നു. ഷോറൂമിലുണ്ടായിരുന്ന ആഭരണങ്ങൾക്കെല്ലാം ഇൻഷുറൻസ് പരിരക്ഷയുണ്ടെന്ന് ഉടമ അറിയിച്ചു.
പ്രതികളെ പിടികൂടുന്നതിനായി മാധവ് നഗർ പൊലീസ് സ്റ്റേഷനിലെയും ക്രൈംബ്രാഞ്ചിലെയും സംഘങ്ങൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.