

അമ്മയുടെ മരണാനന്തര ചടങ്ങിനെത്തിയ മകനെ ബന്ധുക്കൾ അടിച്ച് കൊന്നു
ബാഗ്പത്: അമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാനെത്തിയ മകനെ ബന്ധുക്കൾ അടിച്ചു കൊന്നതായി റിപ്പോർട്ട്. ഉത്തർപ്രദേശിലെ ഝാങ്കർ ഗലിയിലാണ് സംഭവം. 40 വയസുള്ള നഫീസ് ആണ് കൊല്ലപ്പെട്ടത്. ബന്ധുവിന്‍റെ ഭാര്യയെ വിവാഹം കഴിച്ചതിനെത്തുടർന്ന് ബന്ധുക്കളെല്ലാം നഫീസുമായി അകൽച്ചയിലായിരുന്നു. ആറു വർഷം മുൻപാണ് നഫീസ് ബന്ധുവിന്‍റെ ഭാര്യയുമായി നാടുവിട്ടത്.
വിവാഹിതരായ ഇരുവരും സഹരൺപുരിലാണ് താമസം. അമ്മ മക്സുജി മരിച്ചതറിഞ്ഞ് ബുധനാഴ്ചയാണ് നഫീസ് വീട്ടിലെത്തിയത്. ചടങ്ങുകൾക്കു ശേഷം അമ്മയുടെ ശവകുടീരത്തിനരികിൽ എത്തിയ നഫീസിനെ ബന്ധുക്കൾ ചേർന്ന് ആക്രമിക്കുകയായിരുന്നു.
ശ്മശാനത്തിൽ നിന്ന് വലിച്ച് പുറത്തേക്കിട്ട് കല്ലു കൊണ്ട് തലയ്ക്കടിച്ചു. ഗുരുതരമായി പരുക്കേറ്റ നഫീസ് സ്ഥലത്തു വച്ചു തന്നെ മരിച്ചു. വിവരമറിഞ്ഞെത്തിയ പൊലീസാണ് നഫീസിനെ ആശുപത്രിയിൽ എത്തിച്ചത്. കൊലക്കേസിൽ ഒരാൾ അറസ്റ്റിലായിട്ടുണ്ട്. മറ്റ് അഞ്ച് പേർക്കു വേണ്ടിയുള്ള അന്വേഷണം തുടരുകയാണ്.