

പിടിയിലായ ഹിമാൻഷു പഞ്ചൽ
ഇന്ദോർ: ഐഎഎസ് ഉദ‍്യോഗസ്ഥനാണെന്ന വ‍്യാജേന ആഡംബര ഹോട്ടലിൽ പാർട്ടി നടത്തിയ ശേഷം ബിൽ അടക്കാതെ മുങ്ങിയ 28 കാരൻ അറസ്റ്റിൽ. മധ‍്യപ്രദേശിലെ ഇൻന്ദോറിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ഹിമാൻഷു പഞ്ചലാണ് അറസ്റ്റിലായതെന്ന് അസിസ്റ്റന്‍റ് കമ്മിഷണർ പരാഗ് സൈനി വ‍്യക്തമാക്കി. ഇയാളുടെ വീട്ടിൽ ജില്ലാ കലക്റ്ററെന്ന വ‍്യാജ ബോർഡ് സ്ഥാപിച്ചതായും ഉദ‍്യോഗസ്ഥർ പറഞ്ഞു.
ഇന്ദോറിലെ ആഡംബര ഹോട്ടലിൽ 16 പേരടങ്ങുന്ന പാർട്ടിയാണ് ഇയാൾ നടത്തിയത്. ബിൽ അടയ്ക്കേണ്ട സമയമായപ്പോൾ താൻ ഐഎഎസ് ഉദ‍്യോഗസ്ഥനാണെന്നും തന്‍റെ പേഴ്സണൽ അസിസ്റ്റന്‍റ് (പിഎ) രണ്ടു മണിക്കൂറിന് ശേഷം ബിൽ അടയ്ക്കുമെന്ന് വ‍്യക്തമാക്കി ഇയാൾ ഹോട്ടൽ വിടുകയായിരുന്നുവെന്നാണ് അസിസ്റ്റന്‍റ് കമ്മിഷണർ പറയുന്നത്.
പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ ലസൂദിയ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഇയാളുടെ വീട്ടിലെത്തിയപ്പോഴാണ് ജില്ലാ കലക്റ്റർ എന്നെഴുതിയ വ‍്യാജ ബോർഡ് സ്ഥാപിച്ചതായി പൊലീസ് കണ്ടെത്തിയത്. ഐഎഎസ് രാജ് സോണി, ജില്ലാ കലക്റ്റർ എന്നെഴുതിയ ബോർഡാണ് വീടിനു പുറത്ത് സ്ഥാപിച്ചിരുന്നത്.
ചോദ‍്യം ചെയ്യലിൽ ഐഎഎസ് ഉദ‍്യോഗസ്ഥനാണെന്ന് തെളിയിക്കുന്ന രേഖകളൊന്നും ഹിമാൻഷു പഞ്ചലിന് ഹാജരാക്കാനായില്ല. ഇതേത്തുടർന്ന് ഭാരതീയ ന‍്യായ സംഹിത 204 പ്രകാരം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. നേരത്തെ ഗുജറാത്തിൽ ഹിമാൻഷു പഞ്ചലിനെതിരേ വഞ്ചനാ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.