

സിഗരറ്റ് വാങ്ങാൻ 50 രൂപ നൽകാത്തതിന് രണ്ട് പേരെ കുത്തി യുവാവ്
representative image
താനെ: സിഗരറ്റ് വാങ്ങാൻ 50 രൂപ നൽകാത്തതിനെ തുടർന്ന് രണ്ട് പേരെ കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപ്പിച്ച യുവാവിനെതിരേ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.
ഫർദാം ഇബ്രാഹിം മൻസൂരി (24) എന്ന ആൾക്കെതിരെയാണ് കേസെടുത്തത്. ഇയാൾക്കെതിരേ ഭാരതീയ ന്യായ സംഹിതയിലെ 110ാം വകുപ്പ് പ്രകാരം മനഃപൂർവമല്ലാത്ത നരഹത്യാശ്രമ കുറ്റം ചുമത്തി.
ഓഗസ്റ്റ് അഞ്ചിനാണ് കേസിനാസ്പദമായ സംഭവം. മുംബ്രയിലെ അമൃത് നഗർ ദർഗ റോഡിലായിരുന്നു ആക്രമണം. സിഗരറ്റ് വാങ്ങുന്നതിനായി പ്രതി ജിബ്രാൻ ഇമ്രാൻ ഖാൻ എന്നയാളോട് 50 രൂപ ആവശ്യപ്പെട്ടു. എന്നാൽ ജിബ്രാൻ പണം നൽകാൻ വിസമ്മതിച്ചതോടെ പ്രകോപിതനായ പ്രതി കത്തി ഉപയോഗിച്ച് ജിബ്രാനെയും ഒപ്പമുണ്ടായിരുന്ന 19കാരനായ എസ്കലൻ നിസാർ കാസിയെയും ആക്രമിക്കുകയായിരുന്നു.
ഇരുവർക്കും കൈകളിലാണ് പരുക്കേറ്റത്. സംഭവത്തിന് പിന്നാലെ പ്രതി ഒളിവിൽ പോയി. പ്രതിയെ പിടികൂടാൻ വ്യാപക തെരച്ചിൽ നടത്തുകയാണെന്ന് മുംബ്ര പൊലീസ് പറഞ്ഞു.