

അറസ്റ്റിലായ പ്രിൻസി സജി.
പാലക്കാട്: ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി പരുവാശേരി യുഎസ്ബി ഗാർഡനിൽ പ്രിൻസി സജിയാണ് (46) പിടിയിലായത്. ലക്കിടി സ്വദേശിയായ റിട്ട. റവന്യൂ ഉദ്യോഗസ്ഥനാണ് സർവീസിലിരിക്കെ തട്ടിപ്പിനിരയായത്.
സൗഹൃദത്തിന്‍റെ പേരിൽ യുവതി പണവും മൊബൈൽ ഫോണുകളും കൈക്കലാക്കി. ബന്ധം വീട്ടുകാരെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്നീട് പണം തട്ടിയതെന്നാണ് ആരോപണം. 2006-ലാണ് തട്ടിപ്പ് തുടങ്ങിയത്. സർക്കാർ ഓഫിസിലെത്തി യുവതി ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു. തുടർന്ന് പല കാരണങ്ങൾ പറഞ്ഞ് പല തവണകളിലായി പണം വാങ്ങി.
തനിക്ക് വീട് വയ്ക്കാൻ പണം വേണമെന്ന് ആവശ്യപ്പെട്ട് വീണ്ടും ആവശ്യം ഉന്നയിച്ചു. ഇതോടെയാണ് ഉദ്യോഗസ്ഥൻ പൊലീസിനെ സമീപിച്ചത്. ഇരകളുടെ കൂട്ടത്തിൽ ഇനിയും സർക്കാർ ഉദ്യോഗസ്ഥർ ഉണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. ഒറ്റപ്പാലം പൊലീസാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുള്ളത്. അറസ്റ്റിലായ പ്രിൻസി സജിയെ കോടതി റിമാൻഡ് ചെയ്തു.