വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് തമിഴ്നാട്ടിൽ നിന്ന് എംഡിഎംഎ കടത്ത്; കൊച്ചിയിൽ രണ്ട് പേർ പിടിയിൽ

ആലുവയിലെ ലോഡ്ജ്, തോപ്പുംപടിയിലെ വീട് എന്നിവിടങ്ങളിൽ നിന്നാണ് മയക്കുമരുന്ന് പിടികൂടിയത്
MDMA smuggling: Two arrested in Kochi

എംഡിഎംഎ കടത്ത്; കൊച്ചിയിൽ രണ്ട് പേർ പിടിയിൽ

Updated on: 

കൊച്ചി: വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് വിനോദസഞ്ചാര ബസിൽ തമിഴ്നാട്ടിൽ നിന്ന് കൊച്ചിയിലെത്തിച്ച എംഡിഎംഎയുമായി രണ്ട് പേർ അറസ്റ്റിൽ. പ്രതികളിൽ നിന്ന് 192 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ഇതിൽ 185 ഗ്രാം ആലുവയിലെ ലോഡ്ജിൽ നിന്നും ഏഴ് ഗ്രാം തോപ്പുംപടിയിലെ വീട്ടിൽ നിന്നുമാണ് കണ്ടെത്തിയത്.

കെ.എസ്. ഹരികൃഷ്ണൻ (32), ഷിനു സെബാസ്റ്റ്യൻ (34) എന്നിവരാണ് അറസ്റ്റിലായത്. എറണാകുളം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.എസ്. സുദർശന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന.

ആലുവ ഡിവൈഎസ്പി ബൈജു പൗലോസിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് ലോഡ്ജിൽ നിന്ന് 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെ പിടികൂടിയത്. പിടിച്ചെടുത്ത മയക്കുമരുന്നിന് ഏകദേശം 7.5 ലക്ഷം രൂപ വിലവരും. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചി സിറ്റി പൊലീസുമായി ചേർന്ന് ഷിനുവിന്‍റെ തോപ്പുംപടിയിലെ വീട്ടിൽ നടത്തിയ പരിശോധനയിലാണ് പക്ഷിക്കൂട്ടിൽ ഒളിപ്പിച്ച ഏഴ് ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. വാഴക്കുലയ്ക്കുള്ളിൽ ഒളിപ്പിച്ച് വിനോദസഞ്ചാര ബസിൽ തമിഴ്നാട്ടിൽ നിന്നാണ് എംഡിഎംഎ കൊച്ചിയിലെത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.

എറണാകുളം, ആലുവ മേഖലകളിലെ ഇടനിലക്കാർക്കും ഉപഭോക്താക്കൾക്കും നേരിട്ട് വിൽക്കാനാണ് മയക്കുമരുന്ന് എത്തിച്ചതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. മയക്കുമരുന്നിന്‍റെ ഉറവിടവും വിതരണ ശൃംഖലയും കണ്ടെത്താൻ ബെംഗളൂരു-തമിഴ്നാട് മേഖലകൾ കേന്ദ്രീകരിച്ച് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. സംഘത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പ്രതികൾക്ക് മയക്കുമരുന്ന് നൽകിയവരെയും ഇവരിൽ നിന്ന് വാങ്ങിയവരെയും കണ്ടെത്താനുള്ള പരിശോധനയും തുടരുകയാണ്.