
'മുസ്കാൻ ഉറങ്ങിയത് ഭർത്താവിന്‍റെ നുറുക്കിയ ശരീരത്തിനു മുകളിൽ'; മീററ്റ് കൊലപാതകത്തിനു പിന്നിൽ ദുർമന്ത്രവാദവും
മീററ്റ്: മീററ്റിൽ മെർച്ചന്‍റ് നേവി ഓഫിസർ കൊല്ലപ്പെട്ട കേസിൽ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്ത്. 29കാരനായ സൗരഭ് രാജ്പുത്തിനെ അറുത്തു കൊലപ്പെടുത്തിയ കേസിൽ ഭാര്യ മുസ്കാൻ രാസ്തോഗിയെും കാമുകൻ സഹിൽ ശുക്ലയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സൗരഭിന്‍റെ ശരീരം പല കഷ്ണങ്ങളാക്കി നുറുക്കി കവറിലാക്കി കട്ടിലിനടിയിലെ പെട്ടിയിലാണ് സൂക്ഷിച്ചിരുന്നതെന്നും അന്ന് രാത്രി മുസ്കാൻ ആ കട്ടിലിലാണ് ഉറങ്ങിയതെന്നുമാണ് പ്രതികൾ നൽകിയ മൊഴി. ശരീരം അറുത്തു മുറിച്ച് പോളിത്തീൻ കവറുകളിലാക്കി ജനവാസമില്ലാത്ത പ്രദേശത്ത് ഉപേക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. പിന്നീട് അതിൽ മാറ്റം വരുത്തി വലിയ വീപ്പക്കുള്ളിൽ ഇട്ടം സിമന്‍റിട്ട് അടയ്ക്കുകയായിരുന്നു. സൗരഭിന്‍റെ അറുത്തെടുത്ത തലയും കൈകളും സഹിൽ തന്‍റെ വീട്ടിലേക്ക് കൊണ്ടു പോയി. 24 മണിക്കൂർ അവ സഹിലിന്‍റെ വീട്ടിൽ സൂക്ഷിച്ചു. ദുർമന്ത്രവാദം ചെയ്തതായും പൊലീസ് പറയുന്നു.
മാർച്ച് മൂന്നിന് സൗരഭ് തിരിച്ചെത്തിയ രാത്രിയിലാണ് കൊല നടത്തിയത്. സൗരഭിന് ഇഷ്ടപ്പെട്ട ഭക്ഷണത്തിൽ മയക്കുമരുന്ന് കലർത്തി നൽകി. സൗരഭ് ബോധം കെട്ടതോടെ സഹിലിനെ വിളിച്ചു വരുത്തി പല വട്ടം കുത്തി കൊലപ്പെടുത്തുകയായിരുന്നു. സ്കൂൾ വാട്സാപ്പ് ഗ്രൂപ്പിലൂടെ 2019ലാണ് സഹിലും മുസ്കാനും വീണ്ടും അടുപ്പത്തിലും പിന്നീട് പ്രണയത്തിലുമായത്.
സൗരഭ് ജോലിക്കായി ലണ്ടനിലേക്ക് പോയതോടെ അടുപ്പം ശക്തമായി. ഇരുവരും വലിയ രീതിയിൽ ലഹരിമരുന്നുകൾക്ക് അടിമയാണെന്നും പൊലീസ് പറയുന്നു. സഹിലിന്‍റെ വീട്ടിൽ നിന്ന് ദുർമന്ത്രവാദത്തിന്‍റെ തെളിവുകളും ലഭിച്ചിട്ടുണ്ട്. അന്ധവിശ്വാസിയായിരുന്ന സാഹിലിനെ മുസ്കാൻ മുതലെടുത്തിരുന്നതായും പൊലീസ് പറയുന്നു. സാഹിലിന്‍റെ മരിച്ചു പോയ അമ്മയെന്ന വ്യാജേന സ്നാപ് ചാറ്റ് അക്കൗണ്ട് വഴി മുസ്കാൻ ഇയാളോട് സംസാരിച്ചിരുന്നു.