
സോനവും രാജാ രഘുവംശിയും വിവാഹ വേഷത്തിൽ
ന്യൂഡൽഹി: മേഘാലയയിൽ ഹണിമൂണിനിടെ ഭർത്താവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതി സോനം രഘുവംശിക്കെതിരേ കൂടുതൽ തെളിവുകൾ പുറത്ത്. ഇന്ദോറിലെ വ്യവസായിയായ രാജാ രഘുവംശിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. ഹണിമൂൺ യാത്രയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ആസൂത്രണം ചെയ്തത് സോനമായിരുന്നുവെന്ന് രാജയുടെ അമ്മ ഉമ രഘുവംശി പറയുന്നു. ആദ്യം അസമിലെ കാമാഖ്യ ക്ഷേത്രത്തിലേക്ക് പോകാനായിരുന്നു തീരുമാനിച്ചിരുന്നത്. പിന്നീട് മറ്റാരും അറിയാതെ അവരാ പ്ലാൻ മാറ്റി. സോനമാണ് ടിക്കറ്റുകളെല്ലാം ബുക്ക് ചെയ്തത്. എന്നാൽ റിട്ടേൺ ടിക്കറ്റ് മാത്രം ബുക്ക് ചെയ്തിരുന്നില്ല.
യാത്രയുമായി ബന്ധപ്പെട്ട മറ്റു രേഖകളൊന്നും സോനം മറ്റാരുമായും പങ്കു വച്ചിരുന്നില്ല. അതു മാത്രമല്ല 10 ലക്ഷത്തിലധികം രൂപ വില വരുന്ന സ്വർണാഭരണങ്ങൾ ധരിച്ചാണ് രാജ ഹണിമൂണിന് പോയതെന്നും ഉമ പറയുന്നു. സോനം അവളുടെ വീട്ടിൽ നിന്ന് നേരിട്ടാണ് എത്തിയത്. സ്വർണത്തിൽ തീർത്ത മാല, ബ്രേസ് ലെറ്റ് വജ്രമോതിരം എന്നിവ രാജ ധരിച്ചിരുന്നു. സോനം ഇവയെല്ലാം ധരിച്ചെത്താൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് മകൻ തനിക്ക് നൽകിയ വിശദീകരണമെന്നും ഉമ പറയുന്നു. സോനമാണ് ഈ കൊലയ്ക്കു പിന്നിലെങ്കിൽ അവളെ തൂക്കിക്കൊല്ലണമെന്നാണ് ഉമ ആവശ്യപ്പെടുന്നത്. മേയ് 11നാണ് സോനവും രാജയുമായുള്ള വിവാഹം നടന്നത്.
മേയ് 23ന് മേഘാലയ യാത്രയ്ക്കിടെ ഇരുവരെയും കാണാതായി. 10 ദിവസത്തിനു ശേഷം രാജയുടെ മൃതദേഹം കണ്ടെത്തി. ശനിയാഴ്ചയാണ് സോനത്തെ അബോധാവസ്ഥയിൽ ഉത്തർപ്രദേശിലെ ഖാസിപുരിൽ നിന്ന് കണ്ടെത്തിയത്. സോനത്തിനു മറ്റൊരു പുരുഷനുമായുണ്ടായ ബന്ധമാണ് കൊലയ്ക്കു കാരണമായതെന്നാണ് പൊലീസിന്‍റെ കണ്ടെത്തൽ. ആദ്യം ഇരുവരെയും കാണാതായെന്നാണ് പൊലീസിന് ലഭിച്ച പരാതി. ചിറാപുഞ്ചി മേഖലയിൽ നിന്ന് അതിനുമുൻപും അത്തരം സംഭവങ്ങളുണ്ടായിട്ടുള്ളതിനാൽ ഇരുവരും വഴി തെറ്റിപ്പോയിരിക്കാം എന്നാണ് പൊലീസ് കരുതിയിരുന്നതെന്ന് പൊലീസ് സൂപ്രണ്ടന്‍റ് വിവേക് സയീം പറയുന്നു. പക്ഷേ രാജായുടെ മൃതദേഹം കണ്ടെത്തിയതോടെ കൊലപാതകമാണെന്ന് വ്യക്തമായി. മേയ് 24 നാണ് 29കാരനായ രാജയുടെ സ്കൂട്ടർ ഉപേക്ഷിച് നിലയിൽ കണ്ടെത്തിയത്. ജൂൺ 2ന് രാജയെ ഖാസി ഹിൽസിലെ വീസാവ്ഡോങ് വെള്ളച്ചാട്ടത്തിനരികിലുള്ള കൊക്കയിൽ നിന്ന് പാതി അഴുകിയ നിലയിൽ കണ്ടെത്തി.