

പ്രതികൾ
കർണൂൽ: ആൺ സുഹൃത്തുമായുള്ള വഴിവിട്ട ബന്ധം എതിർത്തതിന് മകനെ കൊലപ്പെടുത്തി യുവതി. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിലെ അഡോണി ടൗണിലാണ് വിഷയത്തിനാസ്പദമായ സംഭവം നടന്നത്. വീരേന്ദ്ര എന്ന 15 കാരനാണ് ജീവൻ നഷ്ടമായത്.
അമ്മയായ ഗംഗമ്മയ്ക്ക് ദർഗപ്പയെന്നയാളുമായിട്ടായിരുന്നു വഴിവിട്ട ബന്ധം. ഇത് പലതവണ വീരേന്ദ്ര ചോദ‍്യം ചെയ്തിരുന്നു. ഇതേത്തുടർന്ന് തർക്കങ്ങളും നിലനിന്നിരുന്നു. ബന്ധം പുറത്താകുമോയെന്ന ഭയം മൂലം വീരേന്ദ്രയെ കൊന്ന് ഗ്രാമത്തിന് സമീപമുള്ള ശ്മശാനത്തിൽ രഹസ‍്യമായി സംസ്കരിക്കുകയായിരുന്നു.
തുടർന്ന് മകനെ കാണ്മാനില്ലെന്ന് പറഞ്ഞ് ഗംഗമ്മ പൊലീസിൽ പരാതി നൽകുകയും കേസ് അന്വേഷണത്തിൽ ഉദ‍്യോഗസ്ഥർക്കൊപ്പം ചേരുകയും ചെയ്തിരുന്നു. പിന്നീട് അന്വേഷണം വൈകുന്നുവെന്ന് പറഞ്ഞ് ഹൈക്കോടതിയെയും ഇവർ സമീപിച്ചിരുന്നു.
കോടതി ഇടപെടലിനെത്തുടർന്ന് കേസിൽ പ്രത‍്യേക അന്വേഷണ സംഘം രൂപികരിക്കുകയും ചോദ‍്യം ചെയ്യലിൽ ഗംഗമ്മയുടെയും ദർഗപ്പയുടെയും മൊഴികളിൽ വൈരുദ്ധ‍്യങ്ങൾ ഉള്ളതായും കണ്ടെത്തി. ശാസ്ത്രീയ തെളിവുകളും സാക്ഷി മൊഴികളും സത‍്യം പുറത്തുകൊണ്ടുവരാൻ സഹായിച്ചെന്ന് പൊലീസ് ഉദ‍്യോഗസ്ഥർ പറഞ്ഞു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മാറ്റി. ദർഗപ്പയെ കസ്റ്റഡിയിലെടുത്ത പൊലീസ് കൂടുതൽ തെളിവുകൾക്കായി അന്വേഷണം തുടരുകയാണ്.