അവിഹിതബന്ധം എതിർത്തു; മകനെ അമ്മയും കാമുകനും ചേർന്ന് കഴുത്തുഞെരിച്ച് കൊന്നു

ശീതളപാനീയ പാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു
The deceased Vijay Narayan, his mother Meena Narayan, and her lover Rakesh Jamuni

കൊല്ലപ്പെട്ട വിജയ് നാരായൺ, അമ്മ മീന നാരായൺ, കാമുകൻ രാകേഷ് ജമുനി

Updated on: 

ബെംഗളൂരു: കർണാടകത്തിലെ ബെലഗാവിയിൽ വിവാഹേതര ബന്ധത്തെ എതിർത്ത മകനെ അമ്മയും കാമുകനും ചേർന്ന് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ആർടി നഗർ സ്വദേശിയായ വിജയ് നാരായണാണ് (24) കൊല്ലപ്പെട്ടത്. സംഭവത്തിൽ അമ്മ മീന നാരായണൻ (44), കാമുകൻ രാകേഷ് ജമുനി (34), ഇയാളുടെ നാല് സുഹൃത്തുക്കൾ എന്നിവർ ഉൾപ്പെടെ ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

ഭർത്താവ് മരിച്ചതിനുശേഷം മകനൊപ്പമാണ് മീന താമസിച്ചിരുന്നത്. ബ്യൂട്ടി പാർലറിൽ മാനേജരായി ജോലി ചെയ്തിരുന്ന മീന, ഡ്രൈവറായി നിയമിച്ച മഹാരാഷ്ട്ര സ്വദേശിയായ രാകേഷുമായി അടുപ്പത്തിലാകുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം അറിഞ്ഞ വിജയ് ഇതിനെ എതിർത്തിരുന്നു. ഇതോടെ മകനെ തങ്ങളുടെ ബന്ധത്തിന് തടസമായി കണ്ട ഇരുവരും കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മീനയ്ക്കും രാകേഷിനും പുറമെ രാകേഷിന്‍റെ സുഹൃത്തുക്കളായ സച്ചിൻ, മനോജ്, തമ്മണ്ണ, ഏകനാഥ് എന്നിവരാണ് അറസ്റ്റിലായത്.

കർണാടക രാജ്യോത്സവ ആഘോഷം കാണിക്കാമെന്ന് പറഞ്ഞാണ് വിജയ്‌യെ ബെലഗാവിയിലേക്ക് കൊണ്ടുപോയത്. ശീതളപാനീയ പാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷം ഷാൾ ഉപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബെലഗാവി പൊലീസ് കമ്മിഷണർ പ്രകാശ് നികം പറഞ്ഞു. തുടർന്ന് മൃതദേഹം ദേശീയപാതയ്ക്ക് സമീപമുള്ള വിജനമായ സ്ഥലത്ത് ഉപേക്ഷിച്ചു. രാകേഷിന്‍റെ നാല് സുഹൃത്തുക്കളും കൊലപാതകത്തിൽ പങ്കാളികളായിരുന്നു. നവംബർ ഒന്നിന് ദേശീയപാതയ്ക്ക് സമീപത്തെ വിജനമായ സ്ഥലത്ത് വിജയ്‌യുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വിജയ്‌യുടെ മൊബൈൽ ഫോൺ കോൾ വിവരങ്ങൾ പരിശോധിച്ചതിലൂടെയാണ് പൊലീസ് ഗൂഢാലോചന കണ്ടെത്തിയത്.