
കരുനാഗപ്പള്ളിയിൽ വധശ്രമക്കേസിലെ പ്രതിയെ വീട്ടിൽ കയറി വെട്ടിക്കൊന്നു
കൊല്ലം: കരുനാഗപ്പള്ളിയിൽ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്നു. താച്ചയിൽമുക്ക് സ്വദേശി സന്തോഷാണ് വ്യാഴാഴ്ച പുലർച്ചെ കൊല്ലപ്പെട്ടത്. വീടിനു നേരെ തോട്ടയെറിഞ്ഞ് പരിഭ്രാന്തി പരത്തിയതിനു പിന്നാലെ വീടിന്‍റെ വാതിൽ തകർത്ത് അഞ്ച് പേരടങ്ങുന്ന സംഘം വാതിൽ തകർത്ത് അകത്തു കയറുകയായിരുന്നു. സന്തോഷിനെ വെട്ടിയതിനു ശേഷം കാൽ അടിച്ചു തകർത്തു. വീട്ടിൽ സന്തോഷും അമ്മയും മാത്രമാണ് ഉണ്ടായിരുന്നത്. അക്രമികൾ പോയതിനു ശേഷം സന്തോഷ് വിവരമറിയിച്ചതിനെ തുടർന്ന് സുഹൃത്തുക്കൾ എത്തിയാണ് കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെത്തിച്ചത്. രക്തം വാർന്ന് ഗുരുതരാവസ്ഥയിലായിരുന്നതിനാൽ ജീവൻ രക്ഷിക്കാനായില്ല.
സന്തോഷിനെ വെട്ടിയതിനു പിന്നാലെ ഓച്ചിറയിലെ അനീറെന്ന യുവാവും ആക്രമിക്കപ്പെട്ടു. ഇയാളെ ഗുരുതരാവസ്ഥയിൽ ആലപ്പുഴ മെഡിക്കൽ കോളെജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തിനു പിന്നിലെന്നാണ് നിഗമനം. 2024 നവംബറിൽ പങ്കജ് എന്നയാളെ കൊല്ലാൻ ശ്രമിച്ച കേസിലെ പ്രതിയാണ് സന്തോഷ്. അടുത്തിടെ ഇയാൾ ജയിലിൽ നിന്നിറങ്ങിയിരുന്നു.